ഞങ്ങള്‍ പ്രധാനമായും ലക്ഷ്യം വെച്ചത് ഈ രാജ്യങ്ങളുടെ നാല് കപ്പലുകളെ: ഹൂത്തികള്‍
Worldnews
ഞങ്ങള്‍ പ്രധാനമായും ലക്ഷ്യം വെച്ചത് ഈ രാജ്യങ്ങളുടെ നാല് കപ്പലുകളെ: ഹൂത്തികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2024, 1:11 pm

കെയ്‌റോ: യു.എസ്, യു.കെ, ഇസ്രഈൽ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ട് നാല് സൈനിക ഓപ്പറേഷനുകൾ നടത്തിയെന്ന വെളിപ്പെടുത്തലുമായി ഹൂത്തികൾ.

ചെങ്കടൽ , അറേബ്യൻ, മെഡിറ്ററേനിയൻ കടലുകളിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് ഇസ്രഈലുമായി ബന്ധമുള്ള നാല് കപ്പലുകളെ ലക്ഷ്യമിട്ട് സൈനിക ഓപ്പറേഷനുകൾ നടത്തിയതെന്ന് ഹൂത്തികൾ പറഞ്ഞു.

‘ആദ്യ ഓപ്പറേഷനിൽ ഇസ്രഈൽ കപ്പലായ എം.എസ്.സി യൂണിഫിക്കിനെ അറബിക്കടലിൽ വെച്ച് ഞങ്ങൾ ലക്ഷ്യം വെച്ചു. രണ്ടാം ഒപ്പേറഷനിൽ ചെങ്കടലിൽ ഒരു യു.എസ് ഓയിൽ ടാങ്കർ ഡെലോണിക്‌സും മൂന്നാം ഓപ്പറേഷനിൽ ഇന്ത്യൻ മഹാ സമുദ്രത്തിലെ യു.കെ ലാൻഡിങ് കപ്പൽ അൻവിൽ പോയന്റിനെ ലക്ഷ്യമാക്കി.

Also Read: എന്റെ ആ രണ്ട് സിനിമകള്‍ ഇഷ്ടമാണെന്ന് നാഗ് അശ്വിന്‍; കല്‍ക്കിയിലേക്ക് വിളിച്ചതിന്റെ കാരണവും പറഞ്ഞു: അന്ന ബെന്‍

നാലാമത്തെ ഓപ്പറേഷനിൽ മെഡിറ്ററേനിയൻ കടലിലെ ലക്കി സെയിലറുമായിരുന്നു ഞങ്ങൾ ലക്ഷ്യം വെച്ചത്,’ യമനിലെ ഹൂത്തി നേതാവായ യഹ്യ സരിയ പറഞ്ഞു.

ഇതാദ്യമായല്ല ഹൂത്തികൾ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നത്. ജൂൺ 26 ന് അറബിക്കടലിൽ ഇസ്രഈൽ കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തിവരുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം ആരംഭിക്കുന്നത്. ഇസ്രഈലിലേക്ക് സൈനീക സഹായം എത്തിക്കുന്ന കപ്പലുകളെയോ ഇസ്രഈലിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന രാജ്യങ്ങളുടെ കപ്പലുകളെയോ ആണ് ഹൂത്തികൾ ലക്ഷ്യമിടുന്നത്.

 

ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യ ഇസ്രഈല്‍ അവസാനിപ്പിക്കുമ്പോള്‍ ചെങ്കടലിലെ ആക്രമണം തങ്ങളും നിര്‍ത്തുമെന്നാണ് ഹൂത്തികള്‍ പറയുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം അറുപതോളം ആക്രമണങ്ങളാണ് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ തൊടുത്തുവിട്ടത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സമുദ്രമേഖല നേരിടുന്ന ഏറ്റവും കഠിനമായ പോരാട്ടമാണ് ഇതെന്ന് ആഗോള തലത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹൂത്തികളെ പ്രതിരോധിക്കാന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഒരു സംയുക്ത സേന രൂപീകരിച്ചിരുന്നെങ്കിലും ഹൂത്തികളുടെ പ്രത്യാക്രമണങ്ങളെ എതിർക്കാൻ അവർക്ക് സാധിച്ചില്ല.

 

 

Content Highlight: Yemen’s Houthis say they targeted four ships ‘linked to the US, UK and Israel’