| Sunday, 28th April 2024, 8:19 am

ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് നേരെ ചെങ്കടലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലിന് നേരെ ചെങ്കടലില്‍ ഹൂതികളുടെ മിസൈൽ ആക്രമണം. മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിന് നേരെ ഹൂതികള്‍ തൊടുത്തുവിട്ടത്.

ഏപ്രില്‍ 27ന് ആന്‍ഡ്രോമിഡ സ്റ്റാര്‍ എണ്ണക്കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.

കപ്പലിന് നിസ്സാര പരിക്കുകള്‍ പറ്റിയതായി യു.എസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലിന് നേരെ ആക്രമണം നടന്നതായി ഹൂതി സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയിലെ പ്രിമോര്‍സ്‌കില്‍ നിന്ന് ഗുജറാത്തിലെ വാദിനാറിലേക്കുള്ള യാത്രക്കിടെ യെമനിലെ മോച്ച തീരത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.

പനാമ പതാക ഘടിപ്പിച്ച കപ്പല്‍ ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ഇസ്രഈലിനെ പിന്തുണക്കുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ ആക്രമണം ഉണ്ടാകുമെന്ന് ഹൂതികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയരുന്നു.

നവംബറിന് ശേഷം ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ 50ലധികം മിസൈല്‍ ആക്രമണമാണ് നടന്നത്. ഗസയില്‍ ഇസ്രഈല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്നാണ് ഹൂതികള്‍ അറിയിച്ചത്.

ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ തടയാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹൂതികളുടെ ആക്രമണം കാരണം ഇസ്രഈലില്‍ നിന്നുള്ള കയറ്റുമതിയില്‍ 22 ശതാനവും ഇറക്കുമതിയില്‍ 40 ശതമാനവും കുറവുണ്ടായിരുന്നു.

Content Highlight: Yemen’s Houthis say their missile hit India-bound Andromeda Star oil ship in Red Sea

We use cookies to give you the best possible experience. Learn more