| Wednesday, 20th December 2023, 5:01 pm

'യു.എസിന്റെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സേനക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല'; ഗസയിലെ ആക്രമണം അവസാനിക്കുന്നത് വരെ പൊരുതുമെന്ന് ഹൂത്തികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: അമേരിക്കയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സേന രൂപീകരിച്ചത് കൊണ്ട് ചെങ്കടലിലെ തങ്ങളുടെ നീക്കങ്ങൾ നിർത്തില്ലെന്ന് ഹൂത്തി വക്താവ് മുഹമ്മദ്‌ അൽ ബുഖയ്തി.

ചെങ്കടൽ വഴി പോകുന്ന കപ്പലുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ നിരവധി ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള ചരക്ക് ഗതാഗതം നിർത്തലാക്കിയിരുന്നു. ഇൻഷുറൻസ് നിരക്ക് വർധിക്കുകയും കപ്പലുകൾ ദിശ മാറ്റി ആഫ്രിക്ക വഴി യാത്ര നടത്തുകയും ചെയ്തതിന് പിന്നാലെ എണ്ണ വില വർധിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ ചെങ്കടലിൽ ഹൂത്തികളെ നേരിടുന്നതിന് പ്രോസ്‌പെരിറ്റി ഗാർഡിയൻ എന്ന ബഹുരാഷ്ട്ര സേന രൂപീകരിക്കുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു.

‘ലോകത്തെ മുഴുവൻ അണിനിരത്തുന്നതിൽ അമേരിക്ക വിജയിച്ചാൽ പോലും ഗസയിലെ വംശഹത്യ അവസാനിക്കാതെ ഞങ്ങളുടെ സൈനിക നീക്കം അവസാനിപ്പിക്കില്ല. അതിന് എന്തെല്ലാം ത്യജിക്കേണ്ടി വന്നാലും ശരി…’ മുഹമ്മദ്‌ അൽ ബുഖയ്തി എക്‌സിൽ പറഞ്ഞു.

ബഹുരാഷ്ട്ര സേനയെ നാണക്കേടിന്റെ കൂട്ടുകെട്ട് എന്ന് വിശേഷിപ്പിച്ച അൽ ബുഖയ്തി, ഇസ്രഈലിന് നൽകുന്ന പിന്തുണ ചരിത്രത്തിൽ ഒരു കറയായി അവശേഷിക്കുമെന്നും പറഞ്ഞു.

ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ്, സീചെല്ലെസ്, സ്പെയിൻ, യു.കെ എന്നീ രാജ്യങ്ങളാണ് ബഹുരാഷ്ട്ര സേനയിൽ യു.എസിനൊപ്പമുള്ളത്.

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെങ്കടൽ വഴി ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ ഹൂത്തികൾ ആക്രമിച്ചിരുന്നു. ഗസയിലെ ആക്രമണം ഇസ്രഈൽ അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ ഡ്രോൺ ആക്രമണം തുടരുമെന്നും കപ്പലുകൾ ഇസ്രഈൽ തീരത്തേക്ക് പോകരുതെന്നും ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlight: Yemen’s Houthis say maritime coalition force will not stop future attacks

We use cookies to give you the best possible experience. Learn more