ചെങ്കടലിൽ യു.എസ് കപ്പലിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം
World News
ചെങ്കടലിൽ യു.എസ് കപ്പലിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2024, 10:45 pm

ദുബായ്: യു.എസ് ഉടമസ്ഥതയിലുള്ള ജിബ്രാൾട്ടർ ഈഗിൾ എന്ന കപ്പലിന് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം.

ഏദൻ കടലിടുക്കിൽ നിന്ന് 100 മൈൽ അകലത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായതെന്നും ആളപായമില്ലെന്നും കപ്പൽ ഓപ്പറേറ്റർമാരായ ഈഗിൾ ബൾക്ക് ഷിപ്പിങ് അറിയിച്ചു.

ഉരുക്ക് ഉത്പന്നങ്ങളുമായി യാത്ര ചെയ്ത കപ്പലിന് ചെറിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം യെമനിൽ ഹൂത്തികൾ മിസൈലുകളും ഡ്രോണുകളും നിർമിക്കുന്ന കേന്ദ്രത്തിലേക്ക് യു.എസും ബ്രിട്ടനും ചേർന്ന് വ്യോമാക്രമണം നടത്തിയിരുന്നു.

എന്നാൽ യെമനിൽ യു.എസും യു.കെയും നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി യു.എസിലെ എം.പിമാർ രംഗത്തെത്തിയിരുന്നു. വ്യോമാക്രമണം നിയമവിരുദ്ധവും അമേരിക്കൻ ഭരണഘടനയുടെ ലംഘനമാണെന്നും എം.പിമാർ പറഞ്ഞു. യെമനിലെ ആക്രമണത്തിനായി ബൈഡൻ നിയമനിർമാണ സഭയുടെ അനുവാദം വാങ്ങിയില്ലെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.

യെമനിൽ തുടർച്ചയായി ആക്രമണം നടത്തിയതിൽ അമേരിക്ക തിരിച്ചടി പ്രതീക്ഷിക്കണമെന്ന് ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

യു.എസിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങൾ കൊണ്ട് തങ്ങളുടെ നിലപാട് മാറ്റാനാകില്ലെന്ന് ഹൂത്തികൾ അറിയിച്ചിരുന്നു. ഇസ്രഈലി കപ്പലുകളെയും ഇസ്രഈലി തുറമുഖത്തേക്ക് പോകുന്ന കപ്പലുകളെയും ആക്രമിക്കുന്നത് തുടരുമെന്ന് ഹൂത്തികൾ നേരത്തെ അറിയിച്ചിരുന്നു.

ഗസയിലെ ഇസ്രഈലി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൂത്തികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത്.

അതേസമയം ചെങ്കടലിൽ ഹൂത്തികളുടെ ആക്രമണങ്ങൾ തടയുന്നതിനായി അമേരിക്ക നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Content highlight: Yemen’s Houthis hit US-owned dry bulk ship