|

ഗസക്കെതിരായ ഉപരോധം നാല് ദിവസത്തിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇസ്രഈലിനെതിരെ സൈനികനടപടി പുനരാരംഭിക്കും: ഹൂത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഗസയിലേക്കുള്ള സഹായ തടസം ഇസ്രഈൽ നാല് ദിവസത്തിനുള്ളിൽ നീക്കിയില്ലെങ്കിൽ, ഇസ്രഈലിനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് യെമനിലെ ഹൂത്തികൾ. ഫലസ്തീനികള്‍ക്ക് പ്രസ്താവനകള്‍ കൊണ്ട് പിന്തുണ നല്‍കുന്ന പ്രസ്ഥാനം മാത്രമല്ല തങ്ങളുടേതെന്ന് ഹൂത്തികളുടെ നേതാവായ അബ്ദുൾ മാലിക് അൽ – ഹൂത്തി പറഞ്ഞു.

‘നാല് ദിവസത്തെ സമയപരിധി ഞങ്ങൾ നൽകും. ഗസ വെടിനിർത്തൽ മധ്യസ്ഥരുടെ ശ്രമങ്ങൾക്കുള്ളതാണ് ഈ സമയപരിധി. നാല് ദിവസങ്ങൾക്ക് ശേഷവും ഇസ്രഈലികൾ ഗസയിലേക്കുള്ള മാനുഷിക സഹായം തടയുന്നത് തുടരുകയും ക്രോസിങ്ങുകൾ പൂർണമായും അടയ്ക്കുന്നത് തുടരുകയും ചെയ്താൽ, ഇസ്രഈലിനെതിരായ ഞങ്ങളുടെ നാവിക പ്രവർത്തനങ്ങൾ ഞങ്ങൾ പുനരാരംഭിക്കും,’ ഹൂത്തികൾ പറഞ്ഞു.

ഒപ്പം ഗസയിലെ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പൂര്‍ണമായും പാലിച്ചുവെന്നും എന്നാൽ ഇസ്രഈൽ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും അബ്ദുൾ മാലിക് അൽ – ഹൂത്തി കൂട്ടിച്ചേർത്തു. യു.എസ് സര്‍ക്കാരിന്റെ പിന്തുണയാണ് ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈൽ അതിക്രമം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധത്തിൽ ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്ന പ്രസ്ഥാനം 2023 നവംബർ മുതൽ 100ലധികം കപ്പൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആ കാലയളവിൽ, അവർ രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തു. കുറഞ്ഞത് നാല് നാവികരെ ആക്രമണത്തിൽ ഹൂത്തികൾ കൊലപ്പെടുത്തിയിരുന്നു. ഇത് ആഗോള ഷിപ്പിങ്ങിനെ തടസപ്പെടുത്തി. ഇതോടെ കമ്പനികളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീർഘവും ചെലവേറിയതുമായ വഴികളിലൂടെ കപ്പലുകൾ വഴിതിരിച്ച് വിടേണ്ടി വന്നു. ജനുവരിയിൽ ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ആക്രമണങ്ങൾ കുറഞ്ഞു.

2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിലേക്ക് ഹമാസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യാക്രമണത്തിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്, അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കി ഗസയിലേക്ക് ഹമാസ് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഇസ്രഈൽ ആക്രമണത്തിൽ 61,709 ഗസ നിവാസികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 47,498 പേരുടെ മരണമായിരുന്നു ആദ്യം സ്ഥിരീകരിച്ചിരുന്നത്‌. വെടിനിർത്തലിനെ തുടർന്ന്‌ നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് 14,222 പേരെങ്കിലും ഇത്തരത്തിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

Content Highlight: Yemen’s Houthis give Israel four-day deadline to lift Gaza aid blockage

Latest Stories

Video Stories