സനാ: ചെങ്കടലിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഹൂത്തി ആക്രമണം. ഗസയിൽ ഇസ്രഈലി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നോർവീജിയൻ വാണിജ്യ ടാങ്കറിനെ ആക്രമിച്ചതായി ഹൂത്തികൾ അറിയിച്ചു.
കപ്പൽ ജീവനക്കാർ താക്കീതുകൾ അവഗണിച്ചതിനെ തുടർന്ന് സ്ട്രിന്റ എന്ന ടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹിയ സരീസ പ്രസ്താവനയിൽ പറഞ്ഞു.
ഗസയിലേക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ അനുവദിച്ചില്ലെങ്കിൽ ഇസ്രഈലി തുറമുഖത്തിലേക്കു പോകുന്ന കപ്പലുകളെ തടയുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബൽ മന്ദബ് കടലിടുക്കിൽ നിന്ന് 60 നോട്ടിക്കൽ മൈൽ (111 കി.മി) അകലെ വെച്ചാണ് സ്ട്രിന്റക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് യു.എസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു.
ആക്രമണത്തിൽ തീപിടുത്തവും നാശനഷ്ടങ്ങളും ഉണ്ടായെങ്കിലും ആളപായമില്ലെന്നാണ് യു.എസ് സൈന്യം അറിയിച്ചത്.
കഴിഞ്ഞയാഴ്ച ഹൂത്തികൾ യമൻ തീരത്ത് ബഹാമാസ് പതാകയുള്ള ഒരു കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകളെ ആക്രമിച്ചിരുന്നു. ഇസ്രഈലിന്റെ കപ്പലുകളാണ് അതെന്നായിരുന്നു ഹൂത്തികൾ അവകാശപ്പെട്ടത്.