ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഹൂത്തി ആക്രമണം; യു.എസ് ഡിസ്‌ട്രോയറുകളെയും ലക്ഷ്യം വെച്ചിരുന്നതായി ഹൂത്തികള്‍
World News
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഹൂത്തി ആക്രമണം; യു.എസ് ഡിസ്‌ട്രോയറുകളെയും ലക്ഷ്യം വെച്ചിരുന്നതായി ഹൂത്തികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2024, 9:56 am

സനാ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കപ്പലുകളെ വേട്ടയാടി യെമനയിലെ ഹൂത്തി വിമത സംഘം. സൈക്ലേഡ്സ്, എം.എസ്.സി ഓറിയോണ്‍ എന്നീ കപ്പലുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പലുകളോടൊപ്പം ചെങ്കടലില്‍ രണ്ട് യു.എസ് ഡിസ്‌ട്രോയറുകളെയും ലക്ഷ്യം വെച്ചിരുന്നതായി ഹൂത്തികള്‍ പറഞ്ഞു. യെമനില്‍ നടത്തിയ ഒരു പ്രസംഗത്തിനിടയിലാണ് വെളിപ്പെടുത്തല്‍.

എം.എസ്.സി ഓറിയോണ്‍ പോര്‍ച്ചുഗല്‍ ഉടമസ്ഥതയിലുള്ള കപ്പലാണ്. ജിബൂട്ടിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ മൂന്ന് മിസൈലുകളാണ് തങ്ങളെ ലക്ഷ്യമിട്ടതെന്ന് മാള്‍ട്ടയുടെ പതാക ഘടിപ്പിച്ച കണ്ടെയ്നര്‍ കപ്പല്‍ അറിയിച്ചതായി ആംബ്രെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ആക്രമണം നടക്കുന്ന സമയം സൈക്ലേഡ്‌സ് ഇതേ പാതയിലൂടെ കടന്നുപോയിരുന്നുവെന്ന് ഹൂത്തികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലിന് നേരെ ചെങ്കടലില്‍ ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിന് നേരെ ഹൂതികള്‍ തൊടുത്തുവിട്ടത്. ഏപ്രില്‍ 27ന് ആന്‍ഡ്രോമിഡ സ്റ്റാര്‍ എണ്ണക്കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.

നവംബറിന് ശേഷം ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ 50ലധികം മിസൈല്‍ ആക്രമണമാണ് നടന്നത്. ഗസയില്‍ ഇസ്രഈല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ കപ്പലുകളെ ലക്ഷ്യമിടുന്നത് തുടരുമെന്നാണ് ഹൂത്തികളുടെ അറിയിപ്പ്.

ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ തടയാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂത്തികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹൂത്തികളുടെ ആക്രമണം കാരണം ഇസ്രഈലില്‍ നിന്നുള്ള കയറ്റുമതിയില്‍ 22 ശതാനവും ഇറക്കുമതിയില്‍ 40 ശതമാനവും കുറവുണ്ടായിട്ടുണ്ട്.

Content Highlight: Yemen’s Houthi rebels hunt ships in Indian Ocean