യെമൻ സേനയുടെ ബോട്ടുകൾ ചെങ്കടലിൽ മുക്കി യു.എസ്; അനന്തര ഫലങ്ങളിൽ മുന്നറിയിപ്പ് നൽകി യെമൻ
World News
യെമൻ സേനയുടെ ബോട്ടുകൾ ചെങ്കടലിൽ മുക്കി യു.എസ്; അനന്തര ഫലങ്ങളിൽ മുന്നറിയിപ്പ് നൽകി യെമൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st January 2024, 8:06 am

വാഷിങ്ടൺ: ചെങ്കടലിൽ യെമനി ബോട്ടുകൾക്ക് നേരെയുണ്ടായ യു.എസ് നാവിക സേനയുടെ ആക്രമണങ്ങളുടെ അനന്തര ഫലങ്ങളിൽ പൂർണ ഉത്തരവാദിത്തം യു.സിനായിരിക്കുമെന്ന് ശക്തമായ മുന്നറിയിപ്പുമായി യെമൻ സേന.

ഡിസംബർ 31ന് യു.എസിന്റെ നാവിക ഹെലികോപ്റ്ററുകൾ യെമൻ നാവിക സേനയുടെ നാല് ബോട്ടുകളെ ആക്രമിച്ചിരുന്നു. മൂന്ന് ബോട്ടുകൾ കടലിൽ മുക്കിക്കളയുകയും 10 യെമൻ സൈനികരെയെങ്കിലും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

സമുദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ചെങ്കടലിലെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന, ഔദ്യോഗിക കടമകൾ നിർവഹിച്ചുവരുന്ന യെമനി ബോട്ടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് യെമൻ സേനയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സരീ പറഞ്ഞു.

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അധിനിവേശ ഫലസ്തീനിലേക്ക് പോകുന്ന കപ്പലുകളെ തടയുന്ന, മാനുഷികവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.

‘ഈ കുറ്റകൃത്യത്തിന്റെ അനന്തര ഫലങ്ങളുടെ ഉത്തരവാദിത്തം അമേരിക്കൻ ശത്രുക്കൾക്ക് ആയിരിക്കും. ഇസ്രഈലി കപ്പലുകളെ സംരക്ഷിക്കാനുള്ള അവരുടെ സൈനിക നീക്കം യെമനെ ഫലസ്തീനിലെയും ഗസയിലെയും അടിച്ചമർത്തപ്പെട്ട ജനതയെ പിന്തുണക്കുന്ന ഞങ്ങളുടെ മനുഷ്യത്വപരവും മതപരവുമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ടടിപ്പിക്കില്ല,’ യഹിയ സരീ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ചെങ്കടലിൽ സംഘർഷം നടത്താനുള്ള അമേരിക്കൻ പദ്ധതിയിലേക്ക് വരരുതെന്ന് എല്ലാ രാജ്യങ്ങൾക്കും യെമൻ മുന്നറിയിപ്പ് നൽകി. രാജ്യത്തിനും ജനങ്ങൾക്കുമെതിരെയുള്ള ആക്രമണങ്ങൾ ഏതുവിധേനയും ചെറുക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Content Highlight: Yemen’s Armed Forces: US responsible for consequences of attack on Yemeni boats in Red Sea