'ഗസയിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കുന്നത് വരെ പോരാടും'; അമേരിക്കന്‍ റീപ്പര്‍ ഡ്രോണ്‍ തകര്‍ത്ത് യമന്‍
World News
'ഗസയിലെ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കുന്നത് വരെ പോരാടും'; അമേരിക്കന്‍ റീപ്പര്‍ ഡ്രോണ്‍ തകര്‍ത്ത് യമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 3:41 pm

സന്ന: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ഉപരോധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കുന്നത് വരെ ഫലസ്തീന് പിന്തുണ നല്‍കുമെന്ന് യമന്‍.
ഇസ്രഈല്‍ ഭരണകൂടത്തെ പിന്തുണച്ച അമേരിക്കന്‍ എം ക്യൂ9 റീപ്പര്‍ ഡ്രോണ്‍ യമന്‍ സായുധ സേന വെടിവെച്ചിട്ടതിന് പിന്നാലെയാണ് പ്രസ്താവന.

‘ ഇസ്രഈല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഗസയെ പിന്തുണച്ച് നമ്മുടെ സായുധ സേന പ്രവര്‍ത്തിക്കും.അമേരിക്കന്‍ റീപ്പര്‍ ഡ്രോണ്‍ തകര്‍ത്തത് ഇതിന്റെ ഭാഗമായാണ്,’ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അന്‍സറുല്ലയുടെ വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം പറഞ്ഞു.
യമന്റെ പരമാധികാരത്തിനെതിരായ എല്ലാ ശത്രുതാപരമായ കുതന്ത്രങ്ങളെയും പ്രതിരോധിക്കാനുള്ള തങ്ങളുടെ സന്നദ്ധത സായുധ സേന ഉറപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു മാസമായി ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ യമന്‍ സൈന്യം നിരവധി മിസൈലുകളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘അന്‍സറുല്ല പ്രവര്‍ത്തകര്‍ ഇസ്രഈലിനെതിരായ പ്രതിരോധത്തിന്റെ അച്ചു തണ്ടാണ്,’ യമന്‍ നാഷണല്‍ സാല്‍വേഷന്‍ സര്‍ക്കാറിന്റെ പ്രധാനമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ ഹബ്തൂര്‍ പറഞ്ഞു.

‘ഇത് ഒരു അച്ചുതണ്ടാണ്. ഇവിടെ ഏകോപനം നടക്കുന്നു. ഒരു ജോയിന്റ് ഓപ്പറേഷന്‍സ് റൂമും ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഒരു ജോയിന്റ് കമാന്റും ഉണ്ട്. അഹങ്കാരിയായ സയണിസ്റ്റ് ശത്രുവിനെകൊണ്ട് നമ്മുടെ ജനങ്ങളെ കൊലയ്ക്കു കൊടുക്കാന്‍ സാധിക്കില്ല ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 10,569 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 40,00 ത്തില്‍ അധികം പേരും കുട്ടികളാണ്.

Content Highlight: Yemen on Israel-Palestine issue