സനാ: ഗസയിലെ ഇസ്രഈലി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യെമനിലെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് ഇസ്രഈലി തുറമുഖം എയ്ലാറ്റിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിയതായി റിപ്പോർട്ട്.
ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്ക് മാർഗം തുറമുഖത്തേക്ക് വരുന്ന കപ്പലുകളെ ഹൂത്തികൾ ആക്രമിക്കാൻ തുടങ്ങിയ ശേഷം എയ്ലാറ്റിലെ പ്രവർത്തനങ്ങൾ കൂപ്പുകുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തിന്റെ 40 ശതമാനവും ബാബ് അൽ മന്ദബ് വഴിയാണ് നടക്കുന്നത്.
‘ബാബ് അൽ മന്ദബിൽ നിന്ന് കപ്പലുകൾ വരാത്തതിനെ തുടർന്ന് എയ്ലാറ്റ് തുറമുഖത്തിന്റെ പ്രധാന ഷിപ്പിങ് കേന്ദ്രം അടക്കേണ്ടി വന്നു. ഇതോടെ തുറമുഖത്തിന്റെ 85 ശതമാനം പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടി വന്നു,’ തുറമുഖത്തിന്റെ സി.ഇ.ഒ ഗിഡിയോൺ ഗോൾബർ പറഞ്ഞു.
ഹൂത്തികളും യെമൻ സായുധ സേനയും ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുകയും നിരവധി കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ചെയ്ത പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ ബാബ് അൽ മന്ദബ് വഴി കപ്പലുകൾ അയക്കുന്നത് നിർത്തിവെച്ചിരുന്നു.
ചില കപ്പലുകൾ ആഫ്രിക്ക വഴിയുള്ള ദീർഘ ദൂര ദിശകൾ തെരഞ്ഞെടുക്കുകയാണ്. ഇത് വളരെ ചെലവേറിയ യാത്രമാർഗവുമാണ്.
യെമന്റെ ആക്രമണങ്ങളെ തുടർന്ന് ഇസ്രഈലിന് മൂന്ന് ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇസ്രഈലിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ വില വർധിച്ചതിനെ തുടർന്നാണ് ഇത്രയും നഷ്ടമുണ്ടായത്.
നിലവിലെ പ്രതിസന്ധി തുടർന്നാൽ എയ്ലാറ്റ് തുറമുഖത്തിൽ ഒരു കപ്പൽ പോലുമില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നും ഗോൾബർ പറഞ്ഞു.
ഗസയിലെ ആക്രമണങ്ങൾ ഇസ്രഈൽ അവസാനിപ്പിച്ചാൽ മാത്രമേ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കൂ എന്നാണ് ഹൂത്തികൾ ആവർത്തിക്കുന്നത്.
യെമന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യു.എസ്, ബ്രിട്ടൻ, സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സേന രൂപീകരിക്കുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഹൂത്തികളുടെ ആക്രമണങ്ങളിൽ സഖ്യ രാജ്യങ്ങൾക്കും ഇസ്രഈലിനും പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടി വരുമെന്ന് ഗോൾബർ പറഞ്ഞു.
തങ്ങൾക്കെതിരെ യു.എസും കൂട്ടാളികളും സൈനിക നീക്കം നടത്തിയാൽ ചെങ്കടലിൽ യു.എസിന്റെ യുദ്ധക്കപ്പലുകളെ ആക്രമിക്കാൻ മടിക്കില്ലെന്ന് ഹൂത്തികൾ അറിയിച്ചു.
Content Highlight: Yemen attacks cripple Israeli port’s operations: Report