ഗസക്ക് വേണ്ടി ചെങ്കടലില്‍ ബ്രിട്ടീഷ് കപ്പല്‍ ആക്രമിച്ച് വീണ്ടും യെമന്‍
World News
ഗസക്ക് വേണ്ടി ചെങ്കടലില്‍ ബ്രിട്ടീഷ് കപ്പല്‍ ആക്രമിച്ച് വീണ്ടും യെമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 9:24 am

സനാ: ഗസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കടലില്‍ ബ്രിട്ടീഷ് വാണിജ്യ കപ്പല്‍ ആക്രമിച്ച് യെമന്‍. ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളിലേക്ക് പോവുകയായിരുന്ന കപ്പലിനെയാണ് യെമന്‍ ആക്രമിച്ചത്.

ഇസ്രഈല്‍ കപ്പലുകള്‍ക്ക് നേരെയും അധിനിവേശ പ്രദേശങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്കെതിരെയും ഇത്തരം ഓപ്പറേഷനുകള്‍ നടക്കുന്നത് പതിവാണ്.

‘അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് വാണിജ്യ കപ്പലിനെ ചെങ്കടലില്‍ യെമന്‍ സായുധ സേനയിലെ നാവിക സേന ആക്രമിച്ചു,’ വ്യാഴാഴ്ച സേന പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തിനും ഉപരോധത്തിനും മറുപടിയായാണ് ഈ പ്രവര്‍ത്തനങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ആക്രമണത്തിലും വംശഹത്യയിലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഇതുവരെ 27,000ലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.

നേരത്തെ യെമനെതിരെ അമേരിക്കയും യു.കെയും മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

യെമനെതിരായ അമേരിക്ക-ബ്രിട്ടീഷ് ആക്രമണത്തിനുള്ള പ്രതികരണമാണ് ബ്രിട്ടീഷ് കപ്പിലിനെതിരായ ആക്രമണമെന്ന് യെമന്‍ സേന പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുകയും ഗസ മുനമ്പിലെ ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നത് വരെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സൈന്യം പറഞ്ഞു.

യെമന്റെ ഇത്തരം ഓപ്പറേഷനുകള്‍ സമുദ്ര പാതയിലെ യാത്രകള്‍ അപകടത്തിലാക്കിയെന്ന അമേരിക്കയുടെയും ബ്രിട്ടണിന്റെയും ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ നിഷേധിച്ച് യെമനിലെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗമായ മുഹമ്മദ് അലി അല്‍-ഹൂത്തി രംഗത്തെത്തിയിരുന്നു.

സമുദ്രപാതയിലൂടെ 4500ലധികം കപ്പലുകള്‍ സുരക്ഷിതമായി സഞ്ചരിച്ചത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അമേരിക്കയുടെയും ബ്രിട്ടണിന്റെയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

‘ചെങ്കടലിലൂടെ 4,874 കപ്പലുകള്‍ ഒരു കുഴപ്പവും കൂടാതെ കടന്നുപോയത് അമേരിക്കയുടെയും ബ്രിട്ടണിന്റെയും വാദങ്ങള്‍ തെറ്റാണെന്ന് അടിവരയിടുന്നതാണ്. ഈ മേഖലയില്‍ ആധിപത്യം നിലനിര്‍ത്തണമെന്ന അമേരിക്കയുടെ ആഗ്രഹത്തില്‍ നിന്ന് മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

 

Content highlight: Yemen attacks British merchant ship in Red Sea