| Monday, 28th December 2020, 10:55 am

ഒരു വനിത പോലുമില്ല; യെമനില്‍ സൗദി പിന്തുണയുള്ള പുതിയ സര്‍ക്കാരിന് നേരെ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യെമനില്‍ സൗദി അറേബ്യയുടെ പിന്തുണയോടെ പുതുതായി രൂപീകരിച്ച മന്ത്രിസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു വനിതയെപ്പോലും ഉള്‍പ്പെടുത്താതെ 24 അംഗ മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്.

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യെമനില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ മന്ത്രിസഭ രൂപീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുമായുള്ള അധികാര വികേന്ദ്രീകരണ കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് അബ്ദ് റബുഹ് മന്‍സൂര്‍ പ്രസിഡന്റായി യെമനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.

യു.എ.ഇയുടെ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും(എസ്.ടി.സി) യെമനിലെ അന്താരാഷ്ട്ര അംഗീകാരം നേടിയ (സൗദി പിന്തുണയുള്ള) സര്‍ക്കാരിനും പുതിയ മന്ത്രിസഭയില്‍ പ്രതിനിധികളുണ്ട്.

2014ല്‍ ഹൂതി വിമതര്‍ യെമന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2015ല്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ സൗദിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ യെമനില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയായിരുന്നു.

ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് 2017ല്‍ എസ്.ടി.സി രൂപീകരിക്കുന്നത്. യു.എ.ഇ എസ്.ടി.സിക്ക് പിന്തുണയും നല്‍കിയിരുന്നു. നിലവില്‍ സൗദി പിന്തുണയുള്ള ഹാദി സര്‍ക്കാരിനും എസ്.ടി.സിക്കും യെമന്‍ സര്‍ക്കാരില്‍ പ്രതിനിധികളുണ്ട്.

അതുകൊണ്ട് തന്നെ ഇരു ഗ്രൂപ്പുകളും 2020 ഡിസംബര്‍ 18 ന് രൂപീകരിച്ച പുതിയ സര്‍ക്കാരില്‍ സംതൃപ്തരായിരുന്നു. അതേസമയം മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനുമാണ് വഴിവെച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yemen: Anger as newly sworn-in cabinet excludes women for first time in 20 years 

We use cookies to give you the best possible experience. Learn more