| Monday, 9th December 2024, 7:44 pm

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി മഞ്ഞപ്പട; ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് മാറി നില്‍ക്കും

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി ഫാന്‍സ് ഗ്രൂപ്പായ ‘മഞ്ഞപ്പട’. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിന്റെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് മഞ്ഞപ്പട അറിയിച്ചത്. മാത്രമല്ല സ്റ്റേഡിയത്തിനകത്തും പുറത്തുമായി പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും മഞ്ഞപ്പടയുടെ സ്റ്റേറ്റ് കോര്‍ കമ്മിറ്റി പറഞ്ഞു.

നിലവിലെ സീസണില്‍ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെക്കുന്നത്. 11 മത്സരങ്ങളില്‍ നിന്നും വെറും മൂന്ന് വിജയവും രണ്ട് സമനിലയും ആറ് തോല്‍വിയുമാണ് കേരളത്തിനുള്ളത്. പോയിന്റ് ടേബിളില്‍ 10ാം സ്ഥാനത്തുള്ള കേരളത്തിന് വെറും 11 പോയിന്റ് മാത്രമാണുള്ളത്. തുടരെ തുടരെയുള്ള പരാജയവും മാനേജ്‌മെന്റിന്റെ തെറ്റായ പ്രവര്‍ത്തികളും കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്.

മഞ്ഞപ്പടയുടെ പ്രതികരണം

‘നമ്മുടെ ക്ലബ്ബിന്റെ നിലവിലെ അവസ്ഥ നിങ്ങള്‍ക്ക് അറിയാമല്ലോ. മാനേജ്‌മെന്റിന്റെ തെറ്റായ പ്രവര്‍ത്തികളുടെ പരിണിത ഫലമെന്നോളം എത്തിനില്‍ക്കുന്ന ടീമിന്റെ ഈ അവസ്ഥയില്‍ നമ്മള്‍ തീര്‍ത്തും നിരാശയിലാണ്, ആതിനാല്‍ ഇനി മുതല്‍ ഈ സീസണില്‍ മഞ്ഞപ്പട കേരളത്തിന്റെ മത്സരങ്ങല്‍ക്ക് ടിക്കറ്റ് എടുക്കുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.

ടിക്കറ്റ് വില്പനയില്‍ നിന്നും വിട്ടുനിന്ന് ഞങ്ങള്‍ പ്രതിഷേധം അറിയിക്കുകയാണ്. നമ്മള്‍ ഒരിക്കലും ടീമിനോടുള്ള പിന്തുണ പിന്‍വലിയ്ക്കുകയല്ല, ഈസ്റ്റ് ഗാലറിയില്‍ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും മാനേജ്‌മെന്റിനെതിരെ സ്റ്റേഡിയത്തിനകത്തും പുറത്തും ഞങ്ങള്‍ പ്രതിഷേധം അറിയിക്കും.

മാറ്റങ്ങള്‍ വരാത്തിടത്തോളം നമ്മള്‍ ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറല്ല. മാത്രമല്ല ഇനി വരുന്ന കളികളില്‍ സ്റ്റേഡിയത്തില്‍ പല തരത്തിലും പ്രതിഷേധ പരിപാടികള്‍ നമ്മള്‍ സംഘടിപ്പിക്കുന്നതാണ്,’ മഞ്ഞപ്പട പ്രതികരിച്ചു.

Content highlight: ‘Yellow Army’ protests against Kerala Blasters management

Latest Stories

We use cookies to give you the best possible experience. Learn more