സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം
Kerala Weather
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 7:47 am

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതേതുടര്‍ന്ന് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

24 മണിക്കൂറില്‍ 115 എം.എം മുതല്‍ 204.4 എം.എം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് 64.5എം.എം മുതല്‍ 115.5 എം.എം വരെ മഴലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ബുധനാഴ്ച ആലപ്പുഴയിലും വ്യാഴാഴ്ച മലപ്പുറം ജില്ലയിലും ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

വ്യാഴാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലും വെള്ളിയാഴ്ച കാസര്‍ഗോഡ് ജില്ലയില്‍ മാത്രവും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയും കാറ്റും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക