അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യത, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala News
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യത, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2019, 2:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതിന് പിന്നാലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടു. അറബിക്കടലിന്റെ തെക്കുകിഴക്കു ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെയോടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിനും സാധ്യതയുണ്ട്.

കന്യാകുമാരി, ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരിക്കും. മല്‍സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും അല്‍പം വൈകിയെങ്കിലും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അളവില്‍ ഇക്കുറിയും കുറവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.