കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; 11 ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കിഴക്കന്‍ മധ്യപ്രദേശിലെ ന്യൂന മര്‍ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് കേരളത്തിലെ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കാണ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയത്. സെപ്റ്റംബര്‍ 21 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 മുതല്‍ 60 കി.മി വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായ കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കുറവ് മാസാരംഭം മുതല്‍ 49 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 40 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്ത് ശരാശരി 1888.2 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നെങ്കിലും സെപ്റ്റംബര്‍ 15 വരെ ലഭിച്ചത് 1126.7 മില്ലിമീറ്റര്‍ മാത്രം.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സജീവമാണ്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ്, ബായാര്‍ എന്നിവിടങ്ങളില്‍ ഏഴ് സെന്റീമീറ്റര്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
അടുത്ത 3-4 ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം പശ്ചിമ മധ്യപ്രദേശിലും ഗുജറാത്തിലും നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlights: Yellow alert in eleven districts of Kerala