ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷയില്‍ പുഷ്പയെയും മാര്‍ക്കോയെയും പിന്തള്ളി ബോളിവുഡ് ചിത്രം യേ ജവാനി ഹേ ദിവാനി. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം ചിത്രം റീ റിലീസ് ചെയ്തിരുന്നു. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനം തന്നെ 74000ത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.
അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2വിനെയും ഉണ്ണിമുകുന്ദന്റെ മാര്‍ക്കോയെയും ടിക്കറ്റ് വില്പനയില്‍ പിന്നിലാക്കിയിരിക്കുകയാണ് യേ ജവാനി ഹേ ദിവാനി. പുഷ്പയുടെ 73000 ടിക്കറ്റുകള്‍ വിറ്റുപോയപ്പോള്‍ മാര്‍ക്കോ 58000 ടിക്കറ്റുകള്‍ വിറ്റഴിച്ചു. മാസും വയലന്‍സുമൊന്നുമില്ലാതെ റീ റിലീസിനെപ്പോലും ആഘോഷിക്കുന്ന സിനിമാപ്രേമികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ഷാരൂഖ് ഖാന്റെ എവര്‍ ഗ്രീന്‍ ക്ലാസിക് ചിത്രം കല്‍ ഹോ ന ഹോയുടെ ആദ്യദിന ടിക്കറ്റ് വില്പനയെയും യേ ജവാനി ഹേ ദിവാനി മറികടന്നു. കല്‍ ഹോ ന ഹോ 8000 ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ അതിന്റെ പത്തിരട്ടിക്കടുത്ത് ടിക്കറ്റുകള്‍ രണ്‍ബീര്‍ ചിത്രം നേടി. പത്തുവര്‍ഷം മുമ്പ് ബോളിവുഡില്‍ സര്‍പ്രൈസ് ഹിറ്റായ ചിത്രമായിരുന്നു യേ ജവാനി ഹേ ദിവാനി.
അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീറിന് പുറമെ ദീപിക പദുകോണ്‍, ആദിത്യ റോയ് കപൂര്‍ കല്‍ക്കി കോച്ച്‌ലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിക്കു മുകളില്‍ കളക്ട് ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്.
ബണ്ണി, അതിഥി, നൈന, അവിനാഷ് എന്നീ സുഹൃത്തുകളുടെ കഥയാണ് ചിത്രം പറഞ്ഞത്. രണ്‍ബീര്‍ കപൂറിന്റെ മികച്ച സിനിമകളിലൊന്നായിട്ടാണ് യേ ജവാനി ഹേ ദിവാനിയെ പലരും കണക്കാക്കുന്നത്. രണ്‍ബീറിന്റെ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രവും കഴിഞ്ഞവര്‍ഷം റീ റിലീസ് ചെയ്ത് മികച്ച കളക്ഷന്‍ നേടിയിരുന്നു.
Content Highlight: Yeh Jawani Hai Deewani crossed ticket sales of Pushpa 2 on re release day