| Wednesday, 24th July 2019, 7:30 am

കര്‍ണാടകത്തില്‍ ഇനി ബി.ജെ.പി സര്‍ക്കാര്‍; നാളെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉടന്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങി ബി.ജെ.പി. ഇന്ന് നിയമസഭാ കക്ഷിയോഗം ചേരുന്ന പാര്‍ട്ടി, പ്രതീക്ഷിച്ചതുപോലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയെ കക്ഷിനേതാവായി തെരഞ്ഞെടുക്കും. നാളെത്തന്നെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കര്‍ണാടകത്തില്‍ ജനാധിപത്യത്തിന്റെ വിജയമാണുണ്ടായതെന്ന് യെദ്യൂരപ്പ അഭിപ്രായപ്പെട്ടു.

അഴിമതി കൊണ്ടു ജനത്തിനു ഭാരമായ സര്‍ക്കാരാണു പുറത്തായത്. വികസനത്തിന്റെ പുതിയ യുഗം കര്‍ണാടകത്തില്‍ വരും. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സ്ഥിരതയും കഴിവുമുള്ള സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു. പോരാട്ടത്തില്‍ വിജയിച്ചില്ലെന്നും എന്നാല്‍ ഇതിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് പ്രതികരണം. എം.എല്‍.എമാര്‍ ബിജെപിയുടെ കള്ള വാഗ്ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. 2018 മേയ് 23-നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും രണ്ടര ദിവസത്തെ ആയുസ്സ് മാത്രമാണ് അതിനുണ്ടായിരുന്നത്. 14 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകാനൊരുങ്ങുന്നത്.

2007-ലായിരുന്നു യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ ജെ.ഡി.എസ് സഖ്യം പിന്‍വലിച്ചതോടെ യെദ്യൂരപ്പ സര്‍ക്കാരിനു ഭരണം നഷ്ടപ്പെട്ടു. അതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.

പിന്നീട് 2008 മേയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. രണ്ടാമതും മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ 2011-ല്‍ അഴിമതിയാരോപണത്തെത്തുടര്‍ന്ന് ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു.

We use cookies to give you the best possible experience. Learn more