മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് തന്നെ സംഭവിച്ചു: മുന്‍ ഇന്റര്‍ മയാമി ക്യാപ്റ്റന്‍
Football
മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് തന്നെ സംഭവിച്ചു: മുന്‍ ഇന്റര്‍ മയാമി ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th August 2023, 10:40 pm

അമേരിക്കയിലെത്തിയതിന് ശേഷം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി എം.എല്‍.എസ് ലീഗില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്.

എന്നാല്‍ മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. കളിയുടെ 60ാം മിനിട്ടിലാണ് താരം കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ മെസി ബെഞ്ചില്‍ ആണെന്നറിഞ്ഞതോടെ ആരാധകരില്‍ പലരും പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്റര്‍ മയാമിയുടെ മുന്‍ ക്യാപ്റ്റന്‍ യെഡ്‌ലിന്‍. സ്റ്റാര്‍ട്ടിങ് ഇലവനില്‍ മെസി ഇല്ലാത്തിരുന്നതിനാല്‍ ആരാധകര്‍ ദേഷ്യപ്പെട്ടതില്‍ അവരെ കുറ്റം പറയാനാകില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ പ്രകടനം കാണാനെത്തിയിട്ട് അത് നടന്നില്ലെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്നും യെഡ്‌ലിന്‍ പറഞ്ഞു.

‘മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ തന്നെ അത് ആരാധകരില്‍ ആരെയെങ്കിലുമൊക്കെ ദേഷ്യപ്പെടുത്തുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. കാരണം, മെസിയുടെ പ്രകടനം കാണാന്‍ വേണ്ടി മാത്രം എത്തയിട്ട് അതി സാധിക്കാതെ വരുമ്പോള്‍ അവര്‍ ദേഷ്യപ്പെടുന്നതില്‍ കുറ്റം പറയാനാകില്ല,’ യെഡ്‌ലിന്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ മത്സരത്തിന്റെ 37ാം മിനിട്ടില്‍ ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസത്തിന്റെ ഗോള്‍ പിറക്കുന്നത്. മത്സരത്തിന്റെ 89ാം മിനിട്ടില്‍ മെസി സ്‌കോര്‍ ചെയ്തതോടെ കളി 2-0 എന്ന നിലയിലായി.

മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 14ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നാഷ്വില്‍ എഫ്.സിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.

അമേരിക്കയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Yedlin about Lionel Messi’s debut match