| Tuesday, 5th November 2019, 11:07 am

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുകേഷ് അംബാനിക്ക് പിന്നാലെ യെദിയൂരപ്പയും; 'ചിലപ്പോള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് കുറയാന്‍ കാരണമതായേക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് കുറയാന്‍ അതും കാരണമായിട്ടുണ്ടാവാമെന്നാണ് യെദിയൂരപ്പ പറഞ്ഞത്. ലൈവ് മിന്റിനോടാണ് യെദിയൂരപ്പയുടെ പ്രതികരണം.

രാജ്യത്തെ സാമ്പത്തിക മാന്ദ്യവും കുറച്ച് സ്വാധീനം ചെലുത്തിയിരിക്കാം. ഞാനത് നിഷേധിക്കുന്നില്ല. നമ്മുടെ വരുമാനവും നികുതി പിരിവും തൃ്പതികരമാണ് മാത്രമല്ല നമ്മള്‍ പ്രതീക്ഷിച്ചതില്‍ അതികവുമാണ്. എന്തായാലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഫണ്ടില്‍ കുറവുണ്ട്. എന്തായാലും എത്ര കിട്ടുമെന്ന് നോക്കാം- യെദിയൂരപ്പ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് വ്യവസായി മുകേഷ് അംബാനി പറഞ്ഞതിന് പിന്നാലെയാണ് യെദിയൂരപ്പയും സമാന അഭിപ്രായം തന്നെ പറയുന്നത്.
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചാ മുരടിപ്പ് അനുഭവപെടുന്നുണ്ടെന്നും പരിഷ്‌കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു അംബാനി പറഞ്ഞത്.

നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് മൂലകാരണമെന്ന് ആര്‍.ബി.ഐ അടക്കം സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപെട്ടിരുന്നു. ഈ പരിഷ്‌ക്കരണങ്ങള്‍ തന്നെയാണ് മാന്ദ്യത്തിനു കാരണമെന്നാണ് മുകേഷ് അംബാനിയും സൂചിപ്പിക്കുന്നത്.

വാഹന വ്യവസായം, അടിവസ്ത്ര വ്യവസായം, വജ്ര വ്യാപാരം തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം ജി.എസ്.ടിയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയിയും വ്യക്തമാക്കിയിരുന്നു.

കോര്‍പ്പറേറ്റ് നികുതി കുറച്ചത് വലിയ രീതിയില്‍ ഗുണം ചെയ്യില്ലെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും ബിബേക് ദെബ്രോയ് പറഞ്ഞിരുന്നു.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോക ബാങ്കും വ്യക്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുന്നതായി കാണിച്ചത്.

We use cookies to give you the best possible experience. Learn more