India
യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഐ.സി.യുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 28, 05:19 am
Saturday, 28th November 2020, 10:49 am

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബന്ധുവുമായ എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സന്തോഷിനെ താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവിലാണ് അദ്ദേഹം.

അതേസമയം ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും സന്തോഷിന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് യെദിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘രാവിലെ ഞങ്ങള്‍ 45 മിനിറ്റോളം ഒരുമിച്ച് നടന്നിട്ടുണ്ട്. വ്യാഴാഴ്ച പോലും അദ്ദേഹം സന്തോഷവനായിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് എനിക്കറിയില്ല. കുടുംബവുമായി സംസാരിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ’, യെദിയൂരപ്പ പറഞ്ഞു.

ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസും പറഞ്ഞത്. ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ സന്തോഷ് 12 ഓളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യെദിയൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32കാരനായ സന്തോഷ്.

ഈ വര്‍ഷം മെയ് മാസത്തിലാണ് സന്തോഷിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത്. യെദിയൂരപ്പ പ്രതിപക്ഷ നേതാവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു സന്തോഷ്.

എന്നാല്‍ യെദിയൂരപ്പയുടെ ഓഫീസിലെ ചിലരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സന്തോഷ് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയില്‍ സന്തോഷിന് റോളുണ്ടായിരുന്നതായും പറയപ്പെടുന്നു. അന്ന് നിരവധി കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ പാര്‍ട്ടിക്കെതിരെ തിരിയുകയും പിന്നീട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തിരുന്നു.

അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്‍പ്പെടെ സന്തോഷ് തീരുമാനിച്ചിരുന്നതായും സൂചനകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Yediyurappa’s political secretary hospitalised after ‘suicide attempt’