ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന കലാപം മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ ഉപയോഗിക്കുന്നത് ബി.ജെ.പി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ബി.ജെ.പി രണ്ട് വിഭാഗമായി തിരിഞ്ഞിട്ടുണ്ടെന്നും അതില്‍ ആര്‍.എസ്.എസിനോട് അടുത്തുനില്‍ക്കുന്ന വിഭാഗം ബെംഗളൂരുവില്‍ നടന്ന കലാപം മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ ഉപയോഗിക്കുകയാണെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞിരിക്കുന്നത്.
” ബി.ജെ.പി വ്യക്തമായി തന്നെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസിനോട് അടുത്ത നില്‍ക്കുന്ന വിഭാഗം സംഭവത്തെ യെദിയൂരപ്പയെ സ്ഥാനത്ത് നിന്ന് മറിച്ചിടാന്‍ ഉപയോഗിക്കുകയാണ്,” സിദ്ധരാമയ്യ പറഞ്ഞു.
കലാപത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പിയും എന്നാല്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസും പരസ്പരം പഴിചാരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിക്ക് അകത്തുനിന്നുള്ളവര്‍ തന്നെയാണ് കലാപത്തെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് സിദ്ധാരമയ്യ രംഗത്തെത്തിയിരിക്കുന്നത്.
ക്രമസമാധാന രംഗത്ത് ബി.ജെ.പി പരാജയപ്പെട്ടുവെന്നാരോപിച്ച കോണ്‍ഗ്രസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയത്തില്‍ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടതെന്നും പറഞ്ഞു. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെങ്കില്‍ എന്തുകൊണ്ട് ഇത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നില്ല? നവീനിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ വൈകിയതിന്റെ കാരണം എന്താണ്? ‘ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
‘എസ്.ഡി.പി.ഐ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അവര്‍ ശിക്ഷിക്കപ്പെടട്ടെ. മുസ്‌ലിം വോട്ടുകളെ വിഭജിക്കാനായി എസ്.ഡി.പി.ഐയെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പി. യഥാര്‍ത്ഥ കുറ്റവാളികളെ തിരിച്ചറിയുന്നതിനുപകരം, കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷ്യമിടുന്നതിനാണ് ബി.ജെ.പി നേതാക്കള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. എല്ലാ പ്രതിസന്ധികളിലും അവര്‍ രാഷ്ട്രീയം കാണുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എം.എല്‍.എയുടെ ബന്ധു നവീനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.
പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.