വിമത എം.എല്‍.എ റോഷന്‍ ബെയ്ഗിന് ടിക്കറ്റ് നല്‍കാനാവില്ലെന്ന് യെദിയൂരപ്പ; വിശദീകരണം ഇങ്ങനെ
India
വിമത എം.എല്‍.എ റോഷന്‍ ബെയ്ഗിന് ടിക്കറ്റ് നല്‍കാനാവില്ലെന്ന് യെദിയൂരപ്പ; വിശദീകരണം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 2:09 pm

 

ബെംഗളൂരു: അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗിന് ഡിസംബര്‍ അഞ്ചിന് നടക്കുന്ന കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ.

ബി.ജെ.പിയെ അധികാരത്തിലെത്താന്‍ സഹായിച്ച മറ്റ് 16 എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നപ്പോള്‍ റോഷന്‍ ബെയ്ഗ് വിട്ടുനിന്നിരുന്നു.

സ്വന്തം മണ്ഡലമായ ശിവാജിനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ബെയ്ഗ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഇന്നലെ അയോഗ്യരാക്കപ്പെട്ട മറ്റ് ബി.ജെ.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ റോഷന്‍ ബെയ്ഗ് വിട്ടുനില്‍ക്കുകയായിരുന്നു.

”ഞാന്‍ ബെയ്ഗുമായി വിശദമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഞങ്ങള്‍ക്ക് അദ്ദേഹത്തിന് ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥി എം. ശരവണയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം തീരുമാനിക്കട്ടെ”- യെദിയൂരപ്പ പറഞ്ഞു

അതേസമയം ഐ.എം.എ കേസില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്നതിനാലാണ് മുന്‍മന്ത്രി കൂടിയായിരുന്ന ബെയ്ഗിനെ ബി.ജെ.പി തഴഞ്ഞതെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നേരത്തെ റോഷന്‍ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തിരുന്നു.

മാത്രമല്ല നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രുദ്രേഷിന്റെ കൊലപാതകത്തില്‍ ബി.ജെ.പി നോട്ടമിട്ട നേതാവുകൂടിയായിരുന്നു റോഷന്‍ ബെയ്ഗ്.

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ബെയ്ഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് ലഭിച്ചില്ലെങ്കിലും അയോഗ്യനാക്കപ്പെട്ട റാണെബെന്നൂര്‍ നിയമസഭാംഗം ആര്‍. ശങ്കറിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് ബി.ജെ.പി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”ഞാന്‍ ശങ്കറുമായി സംസാരിച്ചിരുന്നു. കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും മന്ത്രിസ്ഥാനവും ഞാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാര കസേരയില്‍ മാത്രം ഉറച്ചുനില്‍ക്കുന്ന ആളല്ല ഞാന്‍. എന്റെ വാഗ്ദാനങ്ങള്‍ ഞാന്‍ പാലിക്കും”- യെദിയൂരപ്പ പറഞ്ഞു.

റാണെബെന്നൂരിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥി യുവ നേതാവായ അരുങ്കുമാര്‍ പൂജര്‍ ആയിരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ശങ്കറിന് റാണബെന്നൂരില്‍ സീറ്റ് നിഷേധിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞത് ഏഴോ എട്ടോ സീറ്റുകളെങ്കിലും നേടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്.

എന്നാല്‍ വിമതര്‍ക്ക് മറുപടി കൊടുക്കാനുള്ള ഏറ്റവും വലിയ അവസരമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ കാണുന്നത്.