ബെംഗളൂരു: വീണ്ടും ബി.ജെ.പി അനുകൂല പ്രസ്താവനയുമായി ജെ.ഡി.എസ് നേതൃത്വം. കര്‍ണാടകയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വരാന്‍ ജെ.ഡി.എസ് ആഗ്രഹിക്കുന്നില്ലെന്ന് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
ബി.എസ് യെദ്യൂരപ്പയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്നും അവര്‍ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കട്ടെ എന്നും ദേവഗൗഡ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കുമാരസ്വാമി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. അടുത്ത മൂന്നു കൊല്ലവും എട്ടുമാസവും യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടക ഭരിക്കട്ടെ. എനിക്ക് അദ്ദേഹത്തെ താഴെയിറക്കണ്ട. എനിക്ക് പാര്‍ട്ടി കെട്ടിപ്പടുത്താല്‍ മതി. നാളെ തെരഞ്ഞെടുപ്പ് നടന്നാല്‍ 224 സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ശേഷി എനിക്കുണ്ടോ.’- ദേവഗൗഡ ചോദിച്ചു.
‘ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബലം സിദ്ധരാമയ്യക്കുണ്ടാവും. അദ്ദേഹം ന്യൂനപക്ഷ-ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ നേതാവാണ്. അത്തരം നേതാക്കളെയൊന്നും എനിക്കറിയില്ല. നാളെ ഒരു തെരഞ്ഞെടുപ്പു വന്നാല്‍ 224 സീറ്റിലേയ്ക്ക് എനിക്ക് ആളെ നിര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ടാണ് യെദ്യൂരപ്പ ഭരിച്ചോട്ടെ എന്ന് പറയുന്നത്. എനിക്ക് സമയം കിട്ടുകയാണെങ്കില്‍ പോരാടാന്‍ സാധിക്കും.’- ദേവഗൗഡ പറഞ്ഞു.
അതേസമയം, സഖ്യസര്‍ക്കാര്‍ താഴെ വീണശേഷം കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് പോര് രൂക്ഷമാണ്. മാണ്ഡ്യ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം കോണ്‍ഗ്രസ് ദേശീയ നേതൃത്വമല്ലെന്നും സിദ്ധരാമയ്യ പാര്‍ട്ടിയെ നയിച്ചതിനാലാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
‘കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാണ്. മൈസൂരില്‍ തോറ്റതിന് സിദ്ധരാമയ്യ മാത്രമാണ് കാരണം. ഞങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി ആത്മാര്‍ത്ഥമായി പണിയെടുത്തു. അത് ഞങ്ങള്‍ക്ക് തിരിച്ച് ലഭിച്ചില്ല.’- കുമാരസ്വാമി പറഞ്ഞിരുന്നു.
അതേസമയം, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് അമിത് ഷായാണെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍ നിന്നുമെത്തിയ എം.എല്‍.എമാരോടു മാന്യമായി ഇടപെടണമെന്നാന്ന് യെദ്യൂരപ്പ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.
ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കണമെന്നും അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നും കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരുന്നു.
എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍നിന്ന് 17 എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയിലെത്തിയതോടെയാണ് കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.