ഷെട്ടാറിന് സീറ്റ് നല്‍കാന്‍ ഞാന്‍ ശ്രമിച്ചു; പക്ഷേ പാര്‍ട്ടിക്ക് മറ്റ് തീരുമാനങ്ങളുണ്ടായിരുന്നു: യെദിയൂരപ്പ
national news
ഷെട്ടാറിന് സീറ്റ് നല്‍കാന്‍ ഞാന്‍ ശ്രമിച്ചു; പക്ഷേ പാര്‍ട്ടിക്ക് മറ്റ് തീരുമാനങ്ങളുണ്ടായിരുന്നു: യെദിയൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th April 2023, 8:29 am

ബെംഗളൂരു: കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗഗദീഷ് ഷെട്ടാറിന് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ്. യെദിയൂരപ്പ. പാര്‍ട്ടിയുടെ തീരുമാനം മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഷെട്ടാറിന് വേണ്ടി ഞാന്‍ എല്ലാ ശ്രമവും നടത്തി. എന്നാല്‍ പാര്‍ട്ടീ നേതൃത്വത്തിന്റെ പദ്ധതികള്‍ മറ്റൊന്നായിരുന്നു. കെ.എസ്. ഈശ്വരപ്പ, ഷെട്ടാര്‍ തുടങ്ങി പല നേതാക്കള്‍ക്കും ഇത്തവണ അവസരം നല്‍കിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത് യുവാക്കള്‍ക്ക് അവസരം നല്‍കാനാണ്,’ അദ്ദേഹം പറഞ്ഞു.

നേരത്തെ ഷെട്ടാറിന് നിരവധി പദവികള്‍ തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ള പദവികള്‍ അദ്ദേഹത്തിന് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ഷെട്ടാറിനെന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കില്‍ അത് ഞങ്ങളോട് തുറന്ന് പറയണമായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ സാധിക്കില്ലെന്ന് പാര്‍ട്ടീ നേതൃത്വം തുറന്ന് പറഞ്ഞിരുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനും കേന്ദ്ര മന്ത്രി ആകാനും അദ്ദേഹത്തോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം പാര്‍ട്ടി വിടുകയായിരുന്നു.

സമാന രീതിയില്‍ സവാദിക്കും കൗണ്‍സില്‍ അംഗം, ഉപ മുഖ്യമന്ത്രി എന്ന തരത്തിലുള്ള പദവികള്‍ നല്‍കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

‘ഒരു മുതിര്‍ന്ന നേതാവെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്ന് തന്നെയാണ് ഞാന്‍ കരുതിയത്. പക്ഷേ എനിക്കത് കിട്ടിയില്ല. ഞാന്‍ ഞെട്ടിപ്പോയി. ആരും എന്നോടതിനെക്കുറിച്ച് സംസാരിച്ചില്ല, ആരുമൊന്നും ബോധ്യപ്പെടുത്താനും ശ്രമിച്ചില്ല. എന്ത് സ്ഥാനം കിട്ടുമെന്നതിനെക്കുറിച്ചു പോലും ഒരുറപ്പ് എനിക്ക് ലഭിച്ചില്ല,’ എന്നാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

content highlight: yedityoorappa speels about jagadeesh shettar