| Saturday, 6th July 2019, 6:00 pm

കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാര്‍; ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: 11 കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിവെച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഡി.വി സദാനന്ദഗൗഡ പറഞ്ഞു.

‘ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയാണ്. 105 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, എല്ലാകാര്യത്തിലും പരമാധികാരം ഗവര്‍ണര്‍ക്കാണ്. ഗവര്‍ണര്‍ ഞങ്ങളെ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി. തയ്യാറാണ്’- സദാനന്ദഗൗഡ പറഞ്ഞു.

അതിനിടെ രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ഡി.കെ ശിവകുമാറിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടെന്നാണ് വിവരം. രാജിസമര്‍പ്പിച്ച രാമലിംഗ റെഡ്ഡി, എസ്.ടി. സോമശേഖര്‍, ഭാരതി ബാസവരാജ് എന്നിവരുമായി ശിവകുമാര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും എം.എല്‍.എമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് ശനിയാഴ്ച ഉച്ചയോടെ സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാമലിംഗ റെഡ്ഡി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി. പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവരടങ്ങുന്ന എം.എല്‍.എമാരാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി നല്‍കിയത്.

11 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിയമസഭയില്‍ കുമാരസ്വാമി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ഭൂരിപക്ഷം പോകുമെന്നുറപ്പാണ്. ഇതോടെ പുതിയ എം.എല്‍.എമാരെ ഒപ്പംചേര്‍ത്ത് 105 അംഗങ്ങളുള്ള ബി.ജെ.പി ഭരണത്തിലേറാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തേ കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ് രാജിവെച്ചിരുന്നു.

നിലവില്‍ 225 അംഗ സഭയില്‍ കോണ്‍ഗ്രസിന് 68 അംഗങ്ങളും ജെ.ഡി.എസിന് 35 അംഗങ്ങളുമാണുള്ളത്. ബി.എസ്.പി, കെ.പി.ജെ.പി, ഒരു സ്വതന്ത്രന്‍ എന്നിവരടക്കം സര്‍ക്കാരിന് 108 അംഗങ്ങളാണുള്ളത്. എന്നാല്‍ 106 അംഗങ്ങളുള്ള പ്രതിപക്ഷത്തിന് ഇപ്പോള്‍ രാജി നടന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാനാകും.

Latest Stories

We use cookies to give you the best possible experience. Learn more