ബെഗംളൂരു: കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ.
സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കരുതെന്നും പരിപാടി നടത്താനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു.
“ടിപ്പു ആഘോഷത്തെ ആരും സ്വീകരിക്കില്ല. ഞങ്ങള്‍ ടിപ്പു ജയന്തി ആഘോഷത്തിന് എതിരാണ്. ഈ ആഘോഷത്തെ ആരും സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറുകയാണ് വേണ്ടത്. സംസ്ഥാനത്തെ മുസ്‌ലീം വിഭാഗങ്ങളെ പ്രീതിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലുള്ളത്””- യെദ്യൂരപ്പ പറഞ്ഞു.
ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി യൂണിറ്റും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുന്‍സര്‍ക്കാരുകള്‍ നടത്തിയതുപോലെ തന്നെ പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ബി.ജെ.പിക്ക് എതിര്‍പ്പുണ്ടെന്ന് കരുതി പരിപാടി നടത്താതിരിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. – കുമാരസ്വാമി പറഞ്ഞു.
പരിപാടിക്കെതിരെ ബി.ജെ.പി പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
2015 ല്‍ കര്‍ണാടകയില്‍ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വി.എച്ച്.പി നടത്തി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.