| Saturday, 23rd July 2022, 12:42 pm

സജീവ രാഷ്ട്രീയത്തില്‍ നിന്ന് പടിയിറങ്ങാനൊരുങ്ങി യെദിയൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സജീവ രാഷ്ട്രീയത്തില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് കര്‍ണാടക ബി.ജെ.പി അതികായന്‍ ബി.എസ് യെദിയൂരപ്പ. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമാണ് എഴുപത്തൊന്‍പതുകാരനായ യെദിയൂരപ്പ.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ എക്കാലത്തെയും സിറ്റിങ് സീറ്റായ ശിവമോഗയിലെ ശിക്കാരിപുരി നിയമസഭാ സീറ്റില്‍ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യെദിയൂരപ്പ.

1983 മുതല്‍ തുടര്‍ച്ചയായി ശിക്കാരിപുരിയില്‍ നിന്ന് മത്സരിക്കുന്ന യെദിയൂരപ്പ എട്ട് തവണയാണ് ജയിച്ചത്. നാല് തവണ കര്‍ണാടക മുഖ്യമന്ത്രിയും ആയി. എന്നാല്‍ 1999ല്‍ ശിക്കാരിപുരിയില്‍ അദ്ദേഹം തോല്‍വിയുടെ രുചിയും അറിഞ്ഞു.

ഇതിനിടെ 2014 ല്‍ ശിവമോഗയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു, അതില്‍ യെദിയൂരപ്പയുടെ മൂത്ത മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് മത്സരിച്ച് ജയിച്ചത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് 9 മാസം മാത്രമുള്ള സാഹചര്യത്തില്‍ മകന്‍ വിജയേന്ദ്രക്ക് വോട്ട് തേടി ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം.

‘എന്നെ അകമഴിഞ്ഞു പിന്തുണച്ചതുപോലെ വിജയേന്ദ്രയെയും പിന്തുണയ്ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. വിജയേന്ദ്രയെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം. ഞാന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ല’ എന്നാണ് യെദിയൂരപ്പ ശിക്കാരിപുരിയിലെ വോട്ടര്‍മാരോട് പറഞ്ഞത്.

ആഴ്ചയിലൊരിക്കല്‍ മണ്ഡലം സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്‍കിയ യെഡദിയൂരപ്പ, ബി.ജെ.പിയെ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടു.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. പാര്‍ട്ടി തന്നെ അധികാരത്തില്‍ നിന്നും മാറ്റിയെന്ന ആരോപണം യെദിയൂരപ്പ തന്നെ നിഷേധിച്ചതിന് പിന്നാലെയാണ് ശിക്കാരിപുര സീറ്റില്‍ മകന്‍ പിന്‍ഗാമിയായി വരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ വരാന്‍ അനുവദിക്കില്ലെന്നും, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് എത്തും മുന്‍പേ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം മത്സരിക്കുകയാണെന്ന് സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും പരിഹസിച്ചു കൊണ്ട് യെദിയൂരപ്പ പറഞ്ഞു.

‘അങ്ങനെ സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരും, താമര ചിഹ്നത്തില്‍ ജയിക്കുന്നയാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്യും’. യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

75 വയസ്സ് പിന്നിട്ടവരെ തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ബി.ജെ.പി കേന്ദ്ര നയത്തിന്റെ ഭാഗമായാണ് യെദിയൂരപ്പയെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. ബസവരാജ് ബൊമ്മയാണ് നിലവിലെ കര്‍ണാടക മുഖ്യമന്ത്രി.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ശേഷം പാര്‍ട്ടി നേതൃത്വത്തിനോട് അത്ര നല്ല ബന്ധമല്ല യെദിയൂരപ്പയ്ക്കുള്ളത് എന്ന ആരോപണം ശക്തമായിരുന്നു.

മകന്‍ വിജയേന്ദ്രയെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ മത്സരിപ്പിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ യെദിയൂരപ്പ നീക്കം നടത്തിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ടതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. അതേസമയം, മൂത്ത മകന്‍ രാഘവേന്ദ്ര ഇപ്പോള്‍ ശിവമോഗ എം.പിയാണ്.

അതിനിടെ, യെദിയൂരപ്പക്കെതിരായ ഭൂമി വിതരണ അഴിമതിക്കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു.

Content Highlight: Yeddyurappa decided to left from active politics

We use cookies to give you the best possible experience. Learn more