ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യെച്ചൂരിക്കൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു.
തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീം കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി യെച്ചൂരിക്ക് അനുമതി നല്‍കിയത്.
ഉച്ചയോടെ ശ്രീനഗറിലെത്തിയ യെച്ചൂരി സുരക്ഷ അകമ്പടിയോടെ തരിഗാമിയുടെ വസതിയിലേക്ക് പോകുകയായിരുന്നു. ഇന്ന് കശ്മീരില്‍ തങ്ങണമെന്ന് യെച്ചൂരി കശ്മീര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ വേണ്ടി മാത്രമാണ് കോടതി അനുമതി നല്‍കിയത്. ഇതൊരു രാഷ്ട്രീയ സന്ദര്‍ശനം ആകരുത് എന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശം അനുസരിച്ച് തരിഗാമിയെ സന്ദര്‍ശിച്ചശേഷം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കഴിഞ്ഞദിവസം യെച്ചൂരിക്ക് സന്ദര്‍ശനാനുമതി നല്‍കിയത്. യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
ആഗസ്റ്റ് നാലിന് തരിഗാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍ അതിനുശേഷം തരിഗാമിയെക്കുറിച്ച് യാതൊരു വിരവുമില്ലെന്ന് യെച്ചൂരി കോടതിയെ അറിയിക്കുകയായിരുന്നു. തരിഗാമിയെക്കുറിച്ച് സര്‍ക്കാര്‍ യാതൊരു വിവരവും നല്‍കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തരിഗാമിയെ കാണാനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.