അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി ആക്രമണത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി, ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
” ബി.ജെ.പി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അത് അവരുടെ സ്വഭാവമാണ്. എന്നാല്‍ ആക്രമണങ്ങളെ ആഘോഷിച്ച ഗവര്‍ണറുടെ നടപടി നാണക്കേടുണ്ടാക്കുന്നു.”
നേരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ന്യായീകരണവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ് രംഗത്തെത്തിയിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താമെന്നായിരുന്നു റോയുടെ പ്രതികരണം.
അതേസമയം ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ഇന്ന് കൊല്‍ക്കത്തയിലെ ലെനിന്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. തെക്കന്‍ ത്രിപുരയില്‍ ബെലോണിയ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന പ്രതിമയാണ് തകര്‍ത്തത്.
അഞ്ചടി ഉയരത്തിലുണ്ടായിരുന്ന പ്രതിമ ബെലോണിയയിലെ കോളേജ് സ്‌ക്വയറിലായിരുന്നു നിലനിന്നിരുന്നത്. ത്രിപുര വിജയത്തിന് പിന്നാലെ സി.പി.ഐ.എം കേന്ദ്രങ്ങള്‍ക്ക് നേരെ ത്രിപുരയില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമയും തകര്‍ക്കപ്പെട്ടിരിക്കുന്നത്.
നേരത്തെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ വിശദീകരണം.