|

'പേടിക്കേണ്ട എക്‌സിറ്റ്‌പോളില്‍ തെറ്റ് തിരുത്തിയിട്ടുണ്ട്' ; ആദ്യ എക്‌സിറ്റ്‌പോളിനെ കുറിച്ചുള്ള ആര്‍.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിക്കുന്നുവെന്ന് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു കാരണവശാലും അത് കൃത്യമാവാറില്ല. വികസിത രാജ്യങ്ങളില്‍ പോലും, ഇന്നലെ ഓസ്‌ട്രേലിയയില്‍ കണ്ടത് പോലെ, എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചതിന് വിരുദ്ധമായ ഫലമാണുണ്ടായത്. യെച്ചൂരി പറഞ്ഞു.

ഈ തലമുറയെ ആദ്യത്തെ എക്‌സിറ്റ്‌പോളിനെ കുറിച്ചുള്ള ആര്‍.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. തെറ്റായി വോട്ട് ചെയ്തതിന് ഭര്‍ത്താവിനെ ഭാര്യ ചീത്ത പറയാനൊരുങ്ങുമ്പോള്‍ ‘പേടിക്കേണ്ട എക്‌സിറ്റ് പോളില്‍ തെറ്റ് തിരുത്തിയിട്ടുണ്ട്’ എന്ന് ഭര്‍ത്താവ് പറയുന്നതാണ് കാര്‍ട്ടൂണ്‍. ഇതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമെന്നും യെച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകളില്‍ കടുത്ത നിരാശയുണ്ടെന്നും യെച്ചൂരി പറഞ്ഞു. താന്‍ തന്നെ നിരവധി പരാതികള്‍ കമ്മീഷന് നല്‍കിയിരുന്നു. അവയെല്ലാം ചട്ടലംഘനങ്ങളായിരുന്നു. മോദിയുടെയും അമിത് ഷായുടെയും വിഷയത്തില്‍ കമ്മീഷന്റെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്നാണ് എക്‌സിറ്റ് പേളുകള്‍ പ്രവചിച്ചത്. കഴിഞ്ഞ തവണ ബംഗാളില്‍ രണ്ട് സീറ്റാണ് സി.പി.ഐ.എമ്മിന് ലഭിച്ചിരുന്നത്. കേരളത്തിലും യു.ഡി.എഫിനാണ് മുന്‍തൂക്കം പ്രവചിച്ചിട്ടുള്ളത്.

Video Stories