|

അവസാനഘട്ട വോട്ടെടുപ്പിനിടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; സഖ്യസാധ്യതകള്‍ തേടി യെച്ചൂരി രാഹുലിനെയും നായിഡുവിനെയും കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കവേ സഖ്യസാധ്യതകള്‍ സജീവമാക്കി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനെയും കണ്ടു. ബി.ജെ.പി ഇതര സര്‍ക്കാരുണ്ടാക്കുന്നതിന്റെ സാധ്യതകള്‍ സംസാരിക്കാനായിരുന്നു ഈ കൂടിക്കാഴ്ച.

ഇന്നലെ യെച്ചൂരി, രാഹുല്‍, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഢി, എല്‍.ജെ.ഡി നേതാവ് ശരദ് യാദവ്, ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു തൊട്ടുപിറകെയാണ് യെച്ചൂരി ദല്‍ഹിയിലെത്തി ഇരുവരെയും കണ്ടത്.

ഈമാസമാദ്യം നായിഡു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മമതയുടെ രണ്ട് റാലികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

മുന്‍പും പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് നായിഡു. ബി.ജെ.പി ഇതര സര്‍ക്കാരിനായി പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിരന്തരം സംസാരിക്കുന്ന നായിഡു തനിക്കു പ്രധാനമന്ത്രി പദത്തില്‍ മോഹമില്ലെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ ആവശ്യമായ സീറ്റ് ലഭിക്കില്ലെന്നു നായിഡു നേരത്തേ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. മെയ് 23-നു ഫലം വരാനിരിക്കെയാണ് പ്രതിപക്ഷകക്ഷി നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നത്.

Latest Stories