ന്യൂദല്‍ഹി: പാക് റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ മേഘങ്ങളുടെ മറവില്‍ ബാലാകോട്ടിലേക്ക് വിമാനങ്ങള്‍ പറത്താന്‍ താന്‍ നിര്‍ദ്ദേശിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
മോദിയുടെ വാക്കുകള്‍ രാജ്യത്തിന് നാണക്കേടാണ്. ഈ പ്രസ്താവനയിലൂടെ വ്യോമസേനയെ കഴിവുകെട്ടവരും മോശക്കാരുമാക്കുകയാണ്. ഇക്കാര്യങ്ങള്‍ സംസാരിച്ചത് തന്നെ രാജ്യദ്രോഹമാണ്. ഒരു രാജ്യ സ്‌നേഹിയും ഇത് ചെയ്യില്ല. മോദിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന വലിയ ദുരന്തമാണ്. ഇയാളെപ്പോലൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കാന്‍ പാടില്ല. യെച്ചൂരി പറഞ്ഞു.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ പ്രത്യേക തിയറി ഉപയോഗിച്ചാണെന്ന് പറഞ്ഞുകൊണ്ട് മോദി നടത്തിയ പരാമര്‍ശം വിമര്‍ശിക്കപ്പെടുകയും പരിസഹിക്കപ്പെടുകയും ചെയ്യുന്നതിനിടെയാണ് യെച്ചൂരിയുടെ വിമര്‍ശനം.
ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് വിദഗ്ധരെല്ലാം രണ്ട് മനസിലായിരുന്നെന്ന് പറഞ്ഞാണ് മോദി ഇന്നലെ ചാനല്‍ അഭിമുഖത്തില്‍ സംസാരം തുടങ്ങിയത്.
‘ നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.
ഇതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേ പടി ട്വീറ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിറകെ തന്നെ വ്യാപകമായി പരിഹാസവും വിമര്‍ശനവും പോസ്റ്റിന് താഴെ വന്നു.