| Saturday, 14th September 2024, 8:15 am

യെച്ചൂരി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവ്: സി.ബി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന ഇടതുപക്ഷ നേതാവും സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ).

‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ശബ്ദങ്ങള്‍ അവഗണിക്കപ്പെടുന്നില്ലെന്നുറപ്പാക്കാനും പരിശ്രമിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ആശങ്കകള്‍ ശരിക്കും മനസിലാക്കിയ നേതാവായിരുന്നു അദ്ദേഹം,’ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള യെച്ചൂരിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും സി.ബി.സി.ഐ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് നീതി ഉറപ്പാക്കാനായുള്ള യെച്ചൂരിയുടെ പരിശ്രമങ്ങള്‍ ചരിത്രത്തില്‍ അവശേഷിക്കുന്ന അടയാളങ്ങളാണെന്നായിരുന്നു സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ യെച്ചൂരിയെ സ്മരിച്ചത്.

സി.ബി.സി.ഐയെ കൂടാതെ സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ ഇന്ത്യയിലെ കാത്തോലിക് ബിഷപ്പുമാരും ക്രിസ്ത്യന്‍ സംഘടനകളും അനുശോചനം അറിയിച്ചിരുന്നു.

മികച്ച പാര്‍ലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്നു യെച്ചൂരിയെന്ന് സീറോ മലബാര്‍ സഭ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് 3.05നാണ് സീതാറാം യെച്ചൂരി അന്തരിച്ചത്. ആഗസ്ത് 19ന് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് 72ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയത്.

ഇന്നലെ (വെള്ളി) ജെ.എന്‍.യുവില്‍ യെച്ചൂരിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നാലെ വൈകീട്ട് അഞ്ചരയോടെ ജെ.എന്‍.യുവില്‍ നിന്ന് വസന്ത്കുഞ്ചിലുള്ള വീട്ടിലേക്ക് യെച്ചൂരിയുടെ ഭൗതിക ശരീരം എത്തിച്ചിരുന്നു.

ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണിയോടെ യെച്ചൂരി കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ച ദല്‍ഹിയിലെ സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കും. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി മൃതദേഹം എയിംസിന് കൈമാറും.

Content Highlight: YECHURI WAS THE LEADER TO FIGHT FOR MINIORITY RIGHTS

We use cookies to give you the best possible experience. Learn more