ന്യൂദല്‍ഹി: അഞ്ചേരി ബേബി വധക്കേസിലെ കോടതി പരാരമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി മന്ത്രി എം.എം മണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം.
മണിയുടെ കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും നിലവില്‍ മണി രാജിവെക്കേണ്ട ഒരു സാചര്യവുമില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണപരിക്ഷാക്കാര കമ്മീഷന്‍ ചെയര്‍മാനായ വി.എസ് അച്യുതാനന്ദന്‍ അയച്ച കത്ത് കിട്ടിയിട്ടില്ലെന്നും അങ്ങനെയൊരു കത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.
കൊലക്കേസില്‍ പ്രതിയായ എം.എം മണി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നും വി.എസ് കത്തിലൂടെ ആവശ്യപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ട്. വി.എസിന്റെ ഈ കത്തിനെതിരെ എം.എം മണി ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
അഞ്ചേരി ബേബി വധക്കേസില്‍ വി.എസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയാണെന്നും അന്ന് വി.എസ് ആയിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നുമായിരുന്നു മണിയുടെ വാക്കുകള്‍.
വിഎസിന്റെ കത്തിനെതിരെ കണ്‍വീനര്‍ വൈക്കം വിശ്വനും രംഗത്തു വന്നിരുന്നു. ധാര്‍മ്മികത പറയാന്‍ അവകാശമില്ലാത്തവരാണ് മണിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ് കത്തയച്ചിട്ടില്ലെന്നും തനിക്ക് അത്തരമൊരു കത്ത് കിട്ടിയിട്ടില്ലെന്നും പറഞ്ഞ് യെച്ചൂരി രംഗത്തെത്തിയത്.
അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതോടെയാണ് മണി രാജിവെച്ച് ഒഴിയണമെന്ന ആവശ്യം ശക്തമായത്.