എന്‍.സി.പിക്ക് പുതിയ മന്ത്രിയെ തീരുമാനിക്കുകയോ സ്ഥാനം ഒഴിച്ചിടുകയോ ചെയ്യാം: യെച്ചൂരി
Kerala
എന്‍.സി.പിക്ക് പുതിയ മന്ത്രിയെ തീരുമാനിക്കുകയോ സ്ഥാനം ഒഴിച്ചിടുകയോ ചെയ്യാം: യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2017, 3:29 pm

ന്യൂദല്‍ഹി: എന്‍.സി.പിക്ക് പുതിയ മന്ത്രിയെ തീരുമാനിക്കാമെന്ന് സി.പി.ഐ.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍.സി.പിക്ക് പുതിയ മന്ത്രിയെ തീരുമാനിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് അങ്ങനെ ചെയ്യാം. ഇനി അതല്ലെങ്കില്‍ സ്ഥാനം ഒഴിച്ചിടാമെന്നും യെച്ചൂരി പറയുന്നു.

തോമസ് ചാണ്ടിയെ മന്ത്രിയായി വെളളിയാഴ്ചയ്ക്കകം ഇടതുമുന്നണി പ്രഖ്യാപിക്കുമെന്ന് എന്‍.സി.പി ദേശീയ നേതൃത്വം പറഞ്ഞിരുന്നു. ഉടന്‍ മന്ത്രിസ്ഥാനം വേണമെന്ന പാര്‍ട്ടിയുടെ നിലപാട് എന്‍.സി.പി, എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

പുതിയ മന്ത്രിക്കായി മലപ്പുറം ഉപതിരഞ്ഞെടുപ്പോ ജുഡീഷ്യല്‍ അന്വേഷണം കഴിയുന്നതുവരെയോ കാത്തിരിക്കേണ്ടതില്ലെന്നാണ് എന്‍.സി.പിയുടെ നിലപാട്. അതേസമയം എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ്ചാണ്ടി മന്ത്രിസ്ഥാനം ഒഴിയുമെന്ന ഉറപ്പിലാണ് എന്‍.സി.പിയുടെ നീക്കങ്ങള്‍.


Dont Miss അലിഗഡ് മുസ്‌ലിം സര്‍വകലാശാല മെനുവില്‍ നിന്നും മാംസവിഭവങ്ങള്‍ അപ്രത്യക്ഷമായി; വിദ്യാര്‍ത്ഥികള്‍ പച്ചക്കറി കഴിച്ചാല്‍ മതിയെന്ന് നിര്‍ദേശം


മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെയാണ് തോമസ് ചാണ്ടി എം.എല്‍.എ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. മന്ത്രിയാകാന്‍ പ്രാപ്തിയുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് അദ്ദേഹം വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

“എന്‍സിപിയുടെ വകുപ്പ് മറ്റാര്‍ക്കും കൊടുക്കില്ല. മറ്റ് മന്ത്രിമാര്‍ക്ക് കൈമാറേണ്ട ആവശ്യമില്ല. അത് അംഗീകരിക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതില്‍ പ്രശ്‌നമില്ല. ശശീന്ദ്രന്‍ രാജിവച്ചെങ്കിലും പകരം മന്ത്രിയാകാന്‍ പാര്‍ട്ടിയില്‍ ആളുള്ളപ്പോള്‍ പിന്നെ മറ്റൊരാള്‍ക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലല്ലോയെന്നും” അദ്ദേഹം ചോദിച്ചിരുന്നു.