| Tuesday, 28th February 2017, 4:10 pm

ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത്; കിരണ്‍ റിജ്ജുവിന് മറുപടിയുമായി യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുര്‍മെഹര്‍ കൗറിനെ മുന്‍നിര്‍ത്തി വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഇടതുപക്ഷം ഇന്ത്യാ- ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ ആഘോഷിച്ചവരാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത് എന്നായിരുന്നു യെച്ചൂരിയുടെ ചോദ്യം. ഗാന്ധിജി മരിച്ചപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ചകാര്യം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍.എസ്.എസ് തലവന്‍ ഗോള്‍വള്‍ക്കറിനോട് പറഞ്ഞിരുന്നതും യെച്ചൂരി പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

പിന്തിരിപ്പന്‍ ചിന്താഗതി ആര്‍.എസ്.എസ് എല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ദല്‍ഹി രാംജാസ് കോളജിലെ സെമിനാര്‍ സമ്മര്‍ദ്ദത്തിലൂടെ റദ്ദാക്കുകയും പിന്നീട് വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടാണ് മന്ത്രി അധികാരത്തിലെത്തിയത്. എന്നാല്‍ ഗുല്‍മെഹര്‍ കൗറിനെ ആക്രമിക്കുന്നവര്‍ക്കൊപ്പമാണ് അദ്ദേഹമെന്നും യെച്ചൂരി പറഞ്ഞു.

സംഘപരിവാറിന് തങ്ങളുടെ വാദങ്ങള്‍ ന്യായീകരിക്കാനാവശ്യമായ കരുത്തില്ല. ആക്രമങ്ങളാണ് അവര്‍ക്കെതിരായ ആശയങ്ങളോടുള്ള ആയുധങ്ങളെന്നും യെച്ചൂരി ആരോപിച്ചു.

We use cookies to give you the best possible experience. Learn more