| Tuesday, 5th February 2019, 2:59 pm

'റഫാല്‍ ഇടപാടില്‍ എന്തുകൊണ്ട് ജെ.പി.സി അന്വേഷണത്തെ പിന്തുണയ്ക്കുന്നില്ല'; മമതയ്‌ക്കെതിരെ വീണ്ടും യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സുപ്രിം കോടതി വിധി മമതയ്ക്കും ബി.ജെ.പിക്കും തിരിച്ചടിയാണെന്നും സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ നടപ്പാക്കാനുള്ള ബാധ്യത ബംഗാള്‍ സര്‍ക്കാരിനുണ്ടെന്നും യെച്ചൂരി പറഞ്ഞു. ചിട്ടി തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാടില്‍ എന്തുകൊണ്ട് മമത ജെ.പി.സി അന്വേഷണത്തെ പിന്തുണയ്ക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു.

കോടതി മേല്‍നോട്ടത്തില്‍ ശാരദ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. ഇത് ഫെഡറല്‍ സംവിധാനവുമായി ബന്ധപ്പെട്ട വിഷയം അല്ല. സി.പി.ഐ.എം ഈ വിഷയത്തില്‍ ഒറ്റപ്പെട്ടു എന്ന് പറയുന്നത് ശരിയല്ലെന്നും യെച്ചൂരി പറഞ്ഞു.

ബി.ജെ.പിയും മമതാ ബനാര്‍ജിയും നടത്തുന്നത് അഴിമതി മറക്കാനുള്ള നാടകമാണെന്ന് യെച്ചൂരി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തൃണമൂലിനെതിരായ അഴിമതി കേസുകളില്‍ മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ മൗനം പാലിച്ചു. ഇത് തട്ടിപ്പിന്റെ സൂത്രധാരനായ പ്രമുഖ നേതാവ് നിലവില്‍ ബി.ജെ.പിയിലായതുകൊണ്ടാണെന്നും യെച്ചൂരി ആരോപിച്ചിരുന്നു.


സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി. സുധാകരനെതിരെ കേസ്


അടിസ്ഥാനമില്ലാത്ത പോരാണ് ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. തങ്ങളുടെ അഴിമതി മറയ്ക്കുന്നതിനും അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുമാണ് ഈ നാടകം. കേന്ദ്രത്തിന്റേയും ബംഗാള്‍ സര്‍ക്കാരിന്റേയും ജനാധിപത്യ വിരുദ്ധ, ഏകാധിപത്യ, അഴിമതി നിറഞ്ഞ, വര്‍ഗ്ഗീയ ഭരണകൂടത്തിനെതിരെ സി.പി.ഐ.എം പോരാടുമെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മമത ബാനര്‍ജിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗാളിലെ സംഭവങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ഗാന്ധി
പറഞ്ഞു. അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചു.

We use cookies to give you the best possible experience. Learn more