'നമുക്കവനെ പരാജയപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അവനെ നശിപ്പിക്കാന്‍ കഴിയും' യാത്ര 2 ടീസര്‍
Film News
'നമുക്കവനെ പരാജയപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അവനെ നശിപ്പിക്കാന്‍ കഴിയും' യാത്ര 2 ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2024, 11:48 am

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥ പറയുന്ന ചിത്രമാണ് യാത്ര 2. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവന്നു. ചിത്രത്തില്‍ നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായി 2019ല്‍ പുറത്ത് വന്ന യാത്രയുടെ രണ്ടാം ഭാഗമാണ് ചിത്രം.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈ.എസ്.ആര്‍ നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കി ആയിരുന്നു യാത്ര ഒരുക്കിയത്.

2009ല്‍ സംഭവിച്ച ഹെലികോപ്ടര്‍ അപകടത്തിലാണ് വൈ.എസ്.ആര്‍ മരിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയുമെത്തും. രണ്ട് മിനിറ്റ് 46 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ടീസറില്‍ അവസാനം മമ്മൂട്ടിയെയും കാണുന്നുണ്ട്.

ചിത്രം 2024 ഫ്രെബുവരി എട്ടിന് റിലീസിനെത്തും. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനത്തില്‍ യാത്ര 2 സിനിമയുടെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു. പിന്നാലെയാണ് ഇന്ന് ടീസറെത്തിയത്. പരസ്പരം എതിരായി ഇരിക്കുന്ന മമ്മൂട്ടിയും ജീവയുമായിരുന്നു അന്ന് ചിത്രത്തിന്റെ പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. എഡിറ്റിങ് – ശ്രീകര്‍ പ്രസാദ്.

അതേസമയം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ജഗന്‍ മോഹന്‍ റെഡ്ഡി 2009ല്‍ കഡപ്പ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി സ്ഥാപിക്കുകയായിരുന്നു.

2014ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 67 സീറ്റുകള്‍ നേടുകയും ജഗന്‍ പ്രതിപക്ഷ നേതാവാവുകയും ചെയ്തു. 2019ലെ തെരഞ്ഞെടുപ്പില്‍ 151 സീറ്റുകള്‍ നേടി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയിക്കുകയും ജഗന്‍ ആന്ധപ്രദേശ് മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.

Content Highlight: Yatra2 teaser out now