2019ല്‍ റിലീസായ തെലുങ്ക് സിനിമയാണ് യാത്ര. ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രിയായ വൈ.എസ്. രാജശേഖരറെഡ്ഡിയുടെ കഥയാണ് സിനിമയുടേത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. വൈ.എസ്.ആറിന്റെ മരണശേഷം മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതും ഇലക്ഷനില്‍ മത്സരിക്കുന്നതുമാണ് രണ്ടാം ഭാഗത്തിന്റെ കഥ. തമിഴ് നടന്‍ ജീവയാണ് ജഗന്‍മോഹന്‍ റെഡ്ഡിയായി എത്തുന്നത്.
വൈ.എസ്.ആറിന്റെ മരണശേഷം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത ജഗന്‍മോഹന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും വൈ.എസ്.ആര്‍ പാര്‍ട്ടിയുടെ രൂപീകരണവും, ആന്ധ്രയില്‍ നടത്തിയ പദയാത്രയും എല്ലാം സിനിമയില്‍ ഉണ്ടെന്നുള്ള സൂചന ട്രെയ്‌ലര്‍ തരുന്നുണ്ട്. വൈ.എസ്.ആറായി മമ്മൂട്ടി വീണ്ടും ഈ സിനിമയില്‍ എത്തുന്നുണ്ട്. വൈ.എസ്.ആറിന്റെ പ്രശസ്ത വാചകമായ നേനു വിന്നാണു, നേനു ഉന്നാണു (ഞാന്‍ കേള്‍ക്കുന്നുണ്ട്, ഞാന്‍ കൂടെയുണ്ട്) എന്ന ഡയലോഗും ഈ ടീസറിലുമുണ്ട്.
70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധിയാണ്. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. ഫെബ്രുവരി എട്ടിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്.