ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വിജയം പ്രമേയമാക്കി യാത്രയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു
അമരാവതി: ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വിജയം പ്രമേയമാക്കി ‘യാത്ര’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പദയാത്ര ഇതിവൃത്തമാക്കി മഹി വി രാഘവ് ഒരുക്കിയ യാത്ര വന്‍ വിജയമായിരുന്നു.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതിരിപ്പിച്ച ‘യാത്ര’, രാജശേഖര റെഡ്ഡി എന്ന നേതാവിനേയും, വൈ.എസ്.ആര്‍.സി.പി എന്ന പാര്‍ട്ടിയേയും തെരഞ്ഞടെുപ്പിന് മുമ്പായി ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിലും വമ്പിച്ച വിജയം നേടിക്കൊടുക്കൊടുത്തതില്‍ യാത്രയക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. പൂജ്യത്തില്‍ നിന്നും സംസ്ഥാനത്തെ 50 ശതമാനത്തിലധികം വോട്ടുകള്‍ പാര്‍ട്ടിക്ക് നേടിക്കൊടത്ത ജഗന്‍ മോഹന്‍ റെഡ്ഡിയെക്കുറിച്ചായിരിക്കും പുതിയ ചിത്രം.
175 ല്‍ 151 സീറ്റുകള്‍ നേടിയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.സി.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുത്തത്. ടി.ഡി.പിക്ക് ആകെ ലഭിച്ചത് 23 സീറ്റുകളാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 ല്‍ 22 സീറ്റുകളും വൈ.എസ്.ആര്‍.സി.പി നേടിയപ്പോള്‍ ടി.ഡി.പി മൂന്ന് സീറ്റുകളില്‍ ഒതുക്കപ്പെടുകയായിരുന്നു.
ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം സംവിധായകന്‍ തന്നെയാണ് പുറത്തു വിട്ടത്. ‘അഭിനന്ദനങ്ങള്‍, ഈ വിജയത്തിന് നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തീര്‍ത്തും അര്‍ഹര്‍ തന്നെ. നിങ്ങള്‍ ഉറപ്പ് നല്‍കിയതു പോലെ രാജശേഖര റെഡ്ഡിയെക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് കരുതുന്നു. യാത്ര 2’- എന്നായിരുന്നു മഹിയുടെ ട്വീറ്റ്
പുതിയ സിനിമയില്‍ ജഗന്റെ വിജയം കേന്ദ്രീകരിച്ചായിരിക്കും സിനിമ ചിത്രീകരിക്കുന്നത്. ജഗന്റെ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല.