| Saturday, 7th October 2023, 11:56 am

മമ്മൂട്ടിയുടെ മകനായി എത്തുന്നതാരെന്ന് ഉടനെ അറിയാം; യാത്ര 2 ഫസ്റ്റ് ലുക്ക് റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന യാത്ര 2വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ഡേറ്റ് പുറത്ത്. മമ്മൂട്ടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഒക്ടോബര്‍ ഒമ്പതിന് റിലീസ് ചെയ്യും. മമ്മൂട്ടിക്ക് ഒപ്പം നില്‍ക്കുന്ന യുവാവിന്റെ ചിത്രമുള്ള പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് ഈ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററില്‍ ഇരുവരുടേയും മുഖം കാണിച്ചിട്ടില്ല.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ യാത്ര ഒന്നാം ഭാഗത്തില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം വൈ.എസ്.ആറിന്റെ മകനും നിലവില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. യാത്ര രണ്ടാം ഭാഗത്തില്‍ നായകനായി നടന്‍ ജീവ ആയിരിക്കും എത്തുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്തായാലും ഒമ്പതിന് പുറത്ത് വരുന്ന ഫസ്റ്റ് ലുക്കില്‍ ചിത്രത്തിലെ നായകന്‍ ആരാകുമെന്ന് വ്യക്തമാവും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്.

2019ല്‍ ആണ് യാത്ര എന്ന സിനിമ പുറത്തിറങ്ങുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈ.എസ്.ആര്‍ നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കി ആയിരുന്നു ചിത്രം ഒരുക്കിയത്.

ആന്ധ്രാപ്രദേശിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായിരുന്നു വൈ.എസ്.ആര്‍. കഡപ്പ നിയോജകമണ്ഡലത്തില്‍ നിന്ന് 9, 10, 11, 12 ലോക്സഭകളിലേക്ക് നാല് തവണയും പുലിവെന്ദുല നിയോജകമണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ ആന്ധ്രാപ്രദേശ് അസംബ്ലിയിലേക്കും റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയിച്ചിരുന്നു.

2009ലാണ് വൈ.എസ്.ആര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. സെപ്റ്റംബര്‍ രണ്ടിന് നല്ലമല വനമേഖലയില്‍ നിന്ന് റെഡ്ഡി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കാണാതായി. അടുത്ത ദിവസം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കുര്‍ണൂലില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയുള്ള രുദ്രകൊണ്ട കുന്നിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.

Content Highlight: Yatra 2 first look poster release date is out

Latest Stories

We use cookies to give you the best possible experience. Learn more