ആയിരം അനുയായികള്‍ക്കൊപ്പം ഇസ്രഈലില്‍ സ്ഥിരതാമസമാക്കണം; നെതന്യാഹുവിനോട് ആഗ്രഹം പ്രകടിപ്പിച്ച് യതി നരസിംഹാനന്ദ് സരസ്വതി
ലഖ്‌നൗ: തന്റെ ആയിരം അനുയായികള്‍ക്കൊപ്പം ഇസ്രഈലില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഗാസിയാബാദിലെ ദസ്‌നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ യതി നരസിംഹാനന്ദ് സരസ്വതി. വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച യതി നരസിംഹാനന്ദ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
തന്നെയും തന്റെ ശിഷ്യന്മാരെയും രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ അനുവദിക്കണമെന്ന് നരസിംഹാനന്ദ് ഇസ്രഈലിലെ മത-രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായി വീഡിയോയില്‍ കാണാം. നരസിംഹാനന്ദ് തന്റെ ശിഷ്യന്മാര്‍ക്കൊപ്പം ഇരുന്ന് സംസാരിക്കുന്ന വീഡിയോയില്‍ ഇസ്രഈലും ഇന്ത്യയും ഒരേ ശത്രുക്കളോട് പോരാടുകയാണെന്നും പറയുന്നു.
സനാതന ധര്‍മത്തിന്റെ അനുയായികള്‍ക്ക് നിലവില്‍ ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ കഴിയില്ലെന്ന് അവകാശപ്പെടുന്ന നരസിംഹാനന്ദ്, അത്തരമൊരു സമയം വരുന്നതുവരെ താനും തന്റെ അനുയായികളും ഇസ്രഈലിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
തന്റെ അനുയായികള്‍ക്കൊപ്പം ഇസ്രഈലില്‍ താമസമാക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 16ന് ന്യൂദല്‍ഹിയിലെ ഇസ്രഈല്‍ എംബസിയില്‍ നിവേദനം സമര്‍പ്പിക്കുമെന്നും യതി നരസിംഹാനന്ദ് വീഡിയോയില്‍ വെളിപ്പെടുത്തി.
ഹരിദ്വാറില്‍ കഴിഞ്ഞ വര്‍ഷം മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് യതി നരസിംഹാനന്ദ് അറസ്റ്റിലായിരുന്നു. 2021 ഡിസംബറില്‍ മൂന്ന് ദിവസമായി നടന്ന ഹരിദ്വാര്‍ ധര്‍മ സന്‍സദിലാണ് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.
Content Highlights: Yati Narsinghanand Supporters Seek To Settle In Israel Join The War In Palestine