ന്യൂദല്‍ഹി: ദേശീയപതാക നിര്‍മിക്കുന്നത് മുസ്‌ലിമാണെന്ന് ആരോപിച്ച് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി വിവാദ ഹിന്ദുത്വ പുരോഹിതന്‍ യതി നരസിംഹാനന്ദ്.
നരസിംഹാനന്ദിന്റെ പരാമര്‍ശങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇത് ചര്‍ച്ചയായത്. ദേശീയ പതാക നിര്‍മിക്കുന്നത് ബംഗാളില്‍നിന്നുള്ള കമ്പനിയാണെന്നും ഇതിന്റെ ഉടമ സലാഹുദ്ദീന്‍ എന്നയാളാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ ആരും പതാക വാങ്ങരുതെന്നും യതി നരസിംഹാനന്ദ് വീഡിയോയില്‍ പറയുന്നു.
‘ഹിന്ദുക്കളുടെ പണം മുസ്‌ലിങ്ങള്‍ ജിഹാദിന് വേണ്ടി സക്കാത്ത് നല്‍കുന്നു. ആ സക്കാത്ത് ഉപയോഗിച്ചാണ് നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും അന്ത്യംകുറിക്കുന്നത്. നിങ്ങളുടെ പണംകൊണ്ട് തന്നെ മുസ്‌ലിങ്ങളെ പണക്കാരാക്കി നിങ്ങളുടെ മക്കളുടെ കൊലക്ക് ഉത്തരവാദിയാകരുത്.
ഹിന്ദുക്കളോട് ഒരു അപേക്ഷയുണ്ട്. ദേശീയപതാകയുടെ പേരില്‍ ഒരു വലിയ ക്യാമ്പയിന്‍ രാജ്യത്ത് നടക്കുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും വലിയ പാര്‍ട്ടിയാണ് അത് നടത്തുന്നത്. ഇതിനായി ഏറ്റവും കൂടുതല്‍ പതാക ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് ബംഗാളില്‍നിന്നുള്ള ഒരു കമ്പനിയില്‍നിന്നാണ്. സലാഹുദ്ദീന്‍ എന്നു പേരുള്ള ഒരു മുസ്‌ലിമാണ് അതിന്റെ ഉടമ. മുസ് ലിങ്ങള്‍ക്ക് പണം നല്‍കുന്ന ഈ പതാക കാമ്പയിന്‍ ബഹിഷ്‌ക്കരിക്കണം.
വീട്ടില്‍ പതാക കെട്ടണമെങ്കില്‍ ഏതെങ്കിലും പഴയത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ എടുത്തുവെക്കുക. ഈ വഴിക്ക് സലാഹുദ്ദീന് ഒരു പൈസ പോലും നല്‍കരുത്,’ രസിംഹാനന്ദ് വീഡിയോയില്‍ പറഞ്ഞു.
നേരത്തേയും വിദ്വേഷ പ്രസംഗമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇസ്‌ലാമിക രാജ്യമാകാതിരിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്നും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു. ഏറെ വിവാദമായ ഹരിദ്വാര്‍ ധര്‍മസന്‍സദ് ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാളും ഇയാളായിരുന്നു.
CONTENT HIGHLIGHTS: Yati Narsinghanand says e national flag is made by a Muslim company; Don’t let Muslims get rich with Hindu money