|

ഗാന്ധിജിക്കും ഗാസിയാബാദ് പൊലീസിനുമെതിരെ വിദ്വേഷ പ്രചരണം; യതി നരസിംഹാനന്ദിനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിയാബാദ്: മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനും വിവാദ പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ കേസ്.

ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനതായ നരസിംഹാനന്ദ് ഒരു വീഡിയോയിലൂടെയാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ ഗാസിയാബാദിലെ വേവ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സർവേഷ് കുമാർ പാൽ പരാതി നൽകുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മഹാത്മാ ഗാന്ധിക്കും ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ നരസിംഹാനന്ദ് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറഞ്ഞു.

‘ഗാസിയാബാദ് പൊലീസ് കമ്മീഷണർ അജയ് കുമാർ മിശ്രയ്ക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്കുമെതിരെ യതി നരസിംഹാനന്ദ് ഒരു വീഡിയോയിൽ അവഹേളനപരമായ പരാമർശങ്ങൾ നടത്തി. ഒപ്പം മഹാത്മ ഗാന്ധിക്കെതിരെയും നരസിംഹാനന്ദ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. ‘ഗാന്ധിയുടെ മുഖത്ത് തുപ്പണം’ തുടങ്ങിയ പരാമർശങ്ങളും വീഡിയോയിൽ ഉപയോഗിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാനും പ്രദേശത്തെ സമാധാനം തകർക്കാനുമാണ് നരസിംഹാനന്ദ് ശ്രമിക്കുന്നത്,’ സർവേഷ് കുമാർ പാൽ പറഞ്ഞു.

പരാതിക്ക് പിന്നാലെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ നരസിംഹാനന്ദിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ), 353 (1) (ബി) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവന), 353 (2) (തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കൽ), 292 (പൊതുജനങ്ങളെ ശല്യപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ ഫയൽ ചെയ്തു.

ഇത് ആദ്യമായല്ല നരസിംഹാനന്ദ് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. 2024 ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ മഹാരാഷ്ട്രയിലെ താനെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടന്ന പരിപാടിയിലാണ് നരസിംഹാനന്ദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.

Content Highlight: Yati Narsinghanand booked for objectionable comments against Gandhi, Ghaziabad cops