യതി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം പങ്കുവെച്ച കേസ്; മുഹമ്മദ് സുബൈര്‍ മൊഴി നല്‍കി
national news
യതി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം പങ്കുവെച്ച കേസ്; മുഹമ്മദ് സുബൈര്‍ മൊഴി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 8:16 am

ഗാസിയാബാദ്: യതി നരസിംഹാനന്ദ സരസ്വതി ട്രസ്റ്റ് നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. യതി നരസിംഹാനന്ദ നടത്തിയ വിദ്വേഷ പരാമര്‍ശ വീഡിയോ പങ്കുവെച്ചതിനെതിരെ, യതി നരസിംഹാനന്ദ സരസ്വതി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി നല്‍കിയ കേസിലാണ് സുബൈര്‍ മൊഴി നല്‍കിയത്.

തിങ്കളാഴ്ച കാവി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് സുബൈര്‍ മൊഴി നല്‍കിയത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യലും മറ്റ് നടപടിക്രമങ്ങളും ഉണ്ടായിരുന്നതായും എ.സി.പി ശ്രീവാസ്തവ അറിയിച്ചു.

ഒക്ടോബര്‍ മൂന്നിന് യതിയെ കൊല്ലാന്‍ ലക്ഷ്യമിട്ട് മുസ്‌ലീങ്ങള്‍ ദസ്‌നാദേവി ക്ഷേത്രം ആക്രമിച്ചുവെന്നും സുബൈര്‍ പങ്കുവെച്ച വീഡിയോ മുസ്‌ലീങ്ങളെ പ്രകോപിപ്പിക്കാന്‍ കാരണമായെന്നും സുബൈറിനെതിരായ പരാതിയില്‍ പറയുന്നതായാണ് പൊലീസ് അറിയിക്കുന്നത്.

ട്രസ്റ്റ് ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയില്‍ മുഹമ്മദ് സുബൈറിനെതിരെ സെക്ഷന്‍ 196, 228, 229, 356 (മൂന്ന്), 351 (രണ്ട്) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

മതം, വംശം, ജനിച്ച സ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, തെറ്റായ തെളിവുകള്‍ ഉണ്ടാക്കി, മതവിശ്വസങ്ങളെ അവഹേളിച്ചു, മാനനഷ്ടം തുടങ്ങിയ കുറ്റങ്ങളാണ് സുബൈരിനെതിരായ കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന് ഡിസംബര്‍ 20 ന് അലഹബാദ് ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2025 ജനുവരി ആറാം തീയ്യതി അടുത്ത വാദം കേള്‍ക്കുന്നത് വരെ നടപടികളൊന്നും പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ, ജസ്റ്റിസ് നളിന്‍ ശ്രീവാസ്തവ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു.

വീഡിയോ പങ്കുവെച്ചതിന് ഇന്ത്യയുടെ പരമാധികാരവും ഐക്യവും അപകടത്തിലാക്കി എന്ന് കാണിച്ചായിരുന്നു പൊലീസ് സുബൈറിനെതിരെ കേസെടുത്തത്. നരസിംഹാനന്ദയുടെ വീഡിയോ പങ്കുവെച്ചതിന്റെ പേരില്‍ മാത്രം എട്ട് എഫ്.ഐ.ആറുകള്‍ ആണ് ഇദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ മൂന്നിനാണ് നരസിംഹാനന്ദയുടെ പഴയ പരിപാടിയുടെ വീഡിയോ ക്ലിപ്പ് സുബൈര്‍ പോസ്റ്റ് ചെയ്തത്. നരസിംഹാനന്ദ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ ക്ലിപ്പുകളാണ് സുബൈര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്.

പല തവണ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ യതി നരസിംഹാനന്ദ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം തന്നെ സുബൈര്‍ ആള്‍ട്ട് ന്യൂസിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു.

Content Highlight: Yati Narasimhananda’s hate speech sharing case; Muhammad Zubair testified