ലഖ്‌നൗ: ആള്‍ട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന് ഇടക്കാല സംരക്ഷണം നല്‍കി അലഹബാദ് ഹൈക്കോടതി. ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം ട്വീറ്റ് ചെയ്തത് സംബന്ധിച്ചുള്ള കേസിലാണ് അലഹബാദ് ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്‍കിയത്.
2025 ജനുവരി ആറാം തീയ്യതി അടുത്ത വാദം കേള്‍ക്കുന്നത് വരെ നടപടികളൊന്നും പാടില്ലെന്നാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ, ജസ്റ്റിസ് നളിന്‍ ശ്രീവാസ്തവ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
യതി നരസിംഹാനന്ദയെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗം എക്‌സില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് ബി.എന്‍.എസ് സെക്ഷന്‍ 152 പ്രകാരം മുഹമ്മദ് സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്.
ഇന്ത്യയുടെ പരമാധികാരവും ഐക്യവും അപകടത്തിലാക്കി എന്ന് കാണിച്ചായിരുന്നു പൊലീസ് സുബൈറിനെതിരെ കേസെടുത്തത്. നരസിംഹാനന്ദയുടെ വീഡിയോ പങ്കുവെച്ചതിന്റെ പേരില്‍ മാത്രം എട്ട് എഫ്.ഐ.ആറുകള്‍ ആണ് ഇദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം യതി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം എന്തിനാണ് ട്വീറ്റ് ചെയ്തതെന്നും അതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നില്ലേയെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനോട് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു. യതി നരസിംഹാനന്ദ സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്ന വിഷയങ്ങള്‍ ട്വീറ്റ് ചെയ്യുമ്പോള്‍ സുബൈറും അത് പോലെ പ്രവര്‍ത്തിക്കുകയാണോ എന്നും കോടതി ചോദിച്ചിരുന്നു.
യതി നരസിംഹാനന്ദയുടെ അനുയായിയുടെ പരാതിയെത്തുടര്‍ന്ന് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതായി ആരോപിച്ച് സുബൈറിനെതിരെ ഗാസിയാബാദ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് നരസിംഹാനന്ദയുടെ പഴയ പരിപാടിയുടെ വീഡിയോ ക്ലിപ്പ് സുബൈര്‍ പോസ്റ്റ് ചെയ്തത്. നരസിംഹാനന്ദ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ ക്ലിപ്പുകളാണ് സുബൈര്‍ എക്സില്‍ പോസ്റ്റ് ചെയ്തത്.
പല തവണ, പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ സ്വാമി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം തന്നെ സുബൈര്‍ ആള്‍ട്ട് ന്യൂസിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു.
മുഹമ്മദ് നബിക്കെതിരേയും ഇസ്ലാം മതത്തിനെതിരേയും വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് തെലങ്കാന, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ നരസിംഹാനന്ദയ്ക്കെതിരെ കേസുകളുണ്ട്.
Content Highlight: Yati Narasimhananda’s hate speech sharing case; Allahabad High Court granted interim protection to Muhammad Zubair