| Monday, 19th September 2022, 1:43 pm

മദ്രസകള്‍ വെടിമരുന്ന് കൊണ്ട് തകര്‍ക്കണം; പ്രസ്താവനയ്ക്ക് പിന്നാലെ യതി നരസിംഹാനന്ദയ്‌ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്രസകളും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയും വെടിമരുന്ന ഉപയോഗിച്ച് പൊളിച്ചുനീക്കണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ യതി നരസിംഹാനന്ദക്കെതിരെ കേസ്. ഹിന്ദു മഹാസഭയുടെ പരിപാടിക്കിടെയായിരുന്നു നരസിംഹാനന്ദയുടെ വിദ്വേഷ പരാമര്‍ശം.

ഞായറാഴ്ച അലിഗഡിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അംഗീകാരമില്ലാത്ത മദ്രസകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

മദ്രസ പോലെ ഒരു സ്ഥാപനം ഉണ്ടാകരുതെന്നായിരുന്നു യതി നരസിംഹാനന്ദയുടെ പരാമര്‍ശം.

‘ചൈന ചെയ്തത് പോലെ എല്ലാ മദ്രസകളും വെടിമരുന്ന് ഉപയോഗിച്ച് പൊളിക്കണം. മദ്രസയില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും ക്യാമ്പുകളിലേക്ക് മാറ്റണം. അതാകുമ്പോള്‍ ഖുര്‍ആന്‍ എന്ന വൈറസ് അവര്‍ക്കിടയില്‍ നിന്ന് പൊയ്‌ക്കോളും,’ യതി നരസിംഹാനന്ദ പറഞ്ഞു.

ഇതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.

മദ്രസകളെ പോലെ തന്നെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയും പൊളിച്ചുനീക്കണമെന്നും നരസിംഹാനന്ദ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് കുല്‍ദീപ് സിങ് ഗുനാവത് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്വേഷ പ്രസംഗം നടത്തിയതിന് യതി നരസിംഹാനന്ദയ്‌ക്കെതിരെ ഇതിന് മുമ്പും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് അടുത്തിടെ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തിരുന്നു. ‘ഒരു കോടി ഹിന്ദുക്കളുടെ കൊലപാതകത്തിന് ഉത്തരവാദി മഹാത്മാഗാന്ധിയാണ്’ എന്നായിരുന്നു അന്ന് നരസിംഹാനന്ദ നടത്തിയ പരാമര്‍ശം.

രാഹുല്‍ ഗാന്ധിക്കെതിരെയും ഇദ്ദേഹം വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര തമാശയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘രാഹുല്‍ ഗാന്ധി ജിഹാദികള്‍ക്കൊപ്പമാണ്. ഉത്തര്‍പ്രദേശില്‍ ജയിക്കാന്‍ പറ്റാതായപ്പോഴാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ പോയി മത്സരിച്ചത്. ഇന്ത്യയെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ ശ്രമമെങ്കില്‍ ആദ്യം പാകിസ്ഥാനേയും ബംഗ്ലാദേശിനേയും തിരിച്ച് ഇന്ത്യയുമായി യോജിപ്പിക്കൂ, അന്ന് നിങ്ങള്‍ക്കൊപ്പം എല്ലാവരും ഉണ്ടാകും,’ നരസിംഹാനന്ദ് പറഞ്ഞു.

Content Highlight: Yati narasimhananda booked for controversial remarks against madrasas and aligarh university

We use cookies to give you the best possible experience. Learn more