ലഖ്‌നൗ: ഇന്ത്യ ഒരു മുസ്‌ലിം രാഷ്ട്രമാകാതിരിക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിന്ദുക്കള്‍ക്ക് ആഹ്വാനവുമായി യതി നരസിംഹാനന്ദ്. അഖില ഭാരത സന്ത് പരീഷദിന്റെ ഹിമാചലിലെ ചുമതല വഹിക്കുന്ന നരസിംഹാനന്ദ് ഉന്നാവിലെ മുബാറക്ക്പൂരില്‍ നടന്ന ധര്‍മ സന്‍സാദിലാണ് മുസ്‌ലിങ്ങള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന വിവാദ പ്രസംഗത്തിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്.
ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു. രണ്ട് കുട്ടികളെ മാത്രം പ്രസവിക്കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നമ്മുടെ രാജ്യത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
യതി നരസിംഹാനന്ദ്, അന്നപൂര്‍ണ ഭാരതി എന്നിവര്‍ക്ക് പുറമേ രാജ്യത്തുടനീളമുള്ള നിരവധി സന്യാസിമാരും വൈദികരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ വെച്ച് ഒരു മതത്തിനും ജാതിക്കും എതിരെയും പ്രകോപനപരമായ ഭാഷ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് പോലീസ് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദില്‍ വെച്ച് മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന നരസിംഹാനന്ദയുടെ പ്രസംഗം വിവാദമായിരുന്നു. എന്നാല്‍ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നായിരുന്നു ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍ പറഞ്ഞത്.
പരാതിക്കാര്‍ ഉന്നയിച്ചതു പോലെ ദല്‍ഹിയില്‍ നടന്നത് വിദ്വേഷ പ്രസംഗമായിരുന്നില്ലെന്നും മുസ്‌ലിം സമുദായത്തെ വംശീയ ഉന്മൂലനം ചെയ്യാനുള്ള വാക്കുകള്‍ പ്രസംഗത്തിലില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
Content Highlight: Yati Narasimhanand calls on Hindus to give birth to more children