ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ യാത്ര സിനിമയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രം യാത്ര 2വിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഭീമാകാരമായ കയ്യിലേക്ക് നടന്നുകയറുന്ന യുവാവിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്. പോസ്റ്ററില്‍ മുഖം വ്യക്തമായി കാണിച്ചിട്ടില്ല.
വരാനിരിക്കുന്ന ചിത്രം വൈ.എസ്.ആറിന്റെ മകന്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരം. യാത്രയില്‍ മമ്മൂട്ടിയാണ് വൈ.എസ്.ആറായി എത്തിയത്. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന പുതിയ യാത്ര രണ്ടാം ഭാഗത്തിലും മമ്മൂട്ടി ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ ആണ് എത്തുന്നതെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
2019ല്‍ ആണ് യാത്ര എന്ന സിനിമ പുറത്തിറങ്ങുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈ.എസ്.ആര്‍ നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കി ആയിരുന്നു ചിത്രം ഒരുക്കിയത്.
70 എം.എം. എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്.
ആന്ധ്രാപ്രദേശിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായിരുന്നു. വൈ.എസ്.ആര്‍. കഡപ്പ നിയോജകമണ്ഡലത്തില്‍ നിന്ന് 9, 10, 11, 12 ലോക്‌സഭകളിലേക്ക് നാല് തവണയും പുലിവെന്ദുല നിയോജകമണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ ആന്ധ്രാപ്രദേശ് അസംബ്ലിയിലേക്കും റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയിച്ചിരുന്നു.
2009 സെപ്റ്റംബര്‍ രണ്ടിന് നല്ലമല വനമേഖലയില്‍ നിന്ന് റെഡ്ഡി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കാണാതായി. അടുത്ത ദിവസം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കര്‍ണൂലില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയുള്ള രുദ്രകൊണ്ട കുന്നിന് മുകളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.